Your Image Description Your Image Description

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണ് ഹരാരെ സ്പോർട്സ് ക്ലബ് ഗ്രൗണ്ടില്‍ നടക്കുന്നത്.ടി20 ലോകകപ്പ് നേടിയ ടീമിലെ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്തും കോലിയും ജഡേജയും വിരമിച്ചശേഷം ആദ്യമിറങ്ങുന്ന പരമ്പരയില്‍ വലിയ അവസരമാണ് യുവനിരക്ക് മുന്നിലുള്ളത്.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന നിലയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും സിംബാബ്‌വെക്കെതിരായ പരമ്പര നിര്‍ണായകമാണ്. പരമ്പരയുടെ ഭാഗമായിരുന്ന ലോകകപ്പ് ടീം അംഗങ്ങളായ മലയാളി താരം സഞ്ജു സാംസണും യശസ്വി ജയ്സ്വാളിനും ശിവം ദുബെക്കും ആദ്യ രണ്ട് ടി20കളില്‍ വിശ്രമം നല്‍കിയിട്ടുണ്ട്.അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കായി ഇവര്‍ സിംബാബ്‌വെയിലെത്തും.

ഇന്ത്യൻ കുപ്പായത്തില്‍ ഇന്ന് മൂന്ന് യുവതാരങ്ങള്‍ ഒരുമിച്ച് അരങ്ങേറുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓപ്പണറായി അഭിഷേക് ശര്‍മയും മധ്യനിരയിൽ റിയാന്‍ പരാഗും ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ടി20 ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലിനും ഇന്ന് ആദ്യ അവസരമാണ്.ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ ട്രാവിസ് ഹെഡ്ഡിനെപ്പോലും പിന്നിലാക്കുന്ന വെടിക്കെട്ട് ബാറ്റിംഗായിരുന്നു അഭിഷേക് ശര്‍മ പുറത്തെടുത്തത്.
ഹരാരെയില്‍ അവസാനം നടന്ന 10-12 ടി0 മത്സരങ്ങളില്‍ 150 റണ്‍സായിരുന്നു ആദ്യം ബാറ്റ് ചെയ്ത ടീം നേടിയ ശരാശരി സ്കോര്‍.

സിംബാബ്‌വെ പ്ലേയിംഗ് ഇലവൻ: തദിവാനഷെ മരുമണി, ഇന്നസെൻ്റ് കയ, ബ്രയാൻ ബെന്നറ്റ്,സിക്കന്ദർ റാസ,ഡിയോൺ മിയേഴ്‌സ്, ജോനാഥൻ കാംബെൽ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധേവെരെ,ലൂക്ക് ജോങ്‌വെ, ബ്ലെസിംഗ് മുസാറബാനി, ടെൻഡായി ചതാര.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ , അഭിഷേക് ശർമ, റുതുരാജ് ഗെയ്‌ക്‌വാദ്, റിയാൻ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജൂറൽ , വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *