Your Image Description Your Image Description

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിനൊപ്പം തന്നെ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ദിവസങ്ങള്‍ക്ക് മുമ്പ് വരെ മുംബൈ ടീമിലെ തമ്മിലടിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യ-രോഹിത് ശര്‍മ പോരുമെല്ലാം ചര്‍ച്ച ചെയ്ത് തളര്‍ന്ന ആരാധകര്‍ക്ക് ആദ്യമത് വിശ്വസിക്കാനായില്ലെന്ന് മാത്രം. വിജയനിമിഷത്തില്‍ വിതുമ്പലോടെ ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് അരികിലേക്ക് നടന്നുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിച്ചു. പിന്നെ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ചു.

തോളിലേക്ക് വീണ ഹാര്‍ദ്ദിക്കിനെ ആശ്വസിപ്പിച്ചശേഷം രോഹിത് ഒന്നും പറയാതെ നടന്നകന്നു. ഇന്ത്യൻ ആരാധകരോ മുംബൈ ഇന്ത്യന്‍സ് ആരാധകരോ അടുത്തകാലത്തൊന്നും മറക്കാതെ മനസില്‍ ചില്ലിട്ടുവെക്കുന്ന ചിത്രം.നൂറ് നല്ല വാക്കുകളേക്കാള്‍ ആരാധകരുടെ മനസുനിറച്ച കാഴ്ച. മത്സരത്തിനൊടുവില്‍ വികാരാധീനനായി വിതുമ്പിക്കരഞ്ഞ ഹാര്‍ദ്ദിക്കിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് മുംബൈ ടീമില്‍ രോഹിത് ശര്‍മയുടെ വിശ്വസസ്തനെന്ന് ഒരു വിഭാഗം ആരോപിച്ച സൂര്യകുമാര്‍ യാദവായിരുന്നു.

ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെ ബൗണ്ടറിയില്‍ പറന്നു പിടിച്ച സൂര്യകമാര്‍, മത്സരത്തിനൊടുവില്‍ വിതുമ്പിയ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. സമ്മാനദാനച്ചടങ്ങില്‍ മുംബൈ ടീമില്‍ രോഹിത് ക്യാംപിലെന്ന് ആരാധകര്‍ പറഞ്ഞ ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും തോളില്‍ കൈയിട്ട് തമാശപങ്കിട്ട് പൊട്ടിച്ചിരിക്കുന്ന കാഴ്ചയും ആരാധകര്‍ മറക്കില്ല. രാജ്യത്തിനായി കളിക്കുമ്പോള്‍ ഇന്ത്യ എന്ന വികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍.

മത്സരത്തിനൊടുവില്‍ കഴിഞ്ഞ ആറ് മാസം താന്‍ കടന്നുപോയ അവസ്ഥകളെക്കുറിച്ച് ഓര്‍മിപ്പിക്കാനും ഹാര്‍ദ്ദിക് മറന്നില്ല. അന്നൊക്കെ എല്ലാം ചിരിച്ചുകൊണ്ട് നേരിട്ട ഹാര്‍ദ്ദിക്കിന്‍റെ ആറ്റിറ്റ്യൂഡിനെപ്പോലും കളിയാക്കിയവര്‍ ഇന്നലെ പക്ഷെ ഹാര്‍ദ്ദിക്കിന്‍റെ കണ്ണീരില്‍ ഒപ്പം കരയുന്നതും ക്രിക്കറ്റ് ലോകം കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *