Your Image Description Your Image Description

 

ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റന് രോഹിത് ശർമയുടെയും(57) സൂര്യകുമാർ യാദവിൻറെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. ഹാർദ്ദിക് പാണ്ഡ്യയും(13 പന്തിൽ 23) രവീന്ദ്ര ജഡേജയും(9 പന്തിൽ 17*) ഇന്ത്യൻ സ്കോർ 170 എത്തിക്കുന്നതിൽ നിർണായക സംഭാവന നൽകിയപ്പോൾ വിരാട് കോലി(9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദ്ദാൻ മൂന്ന് വിക്കറ്റെടുത്തു.

നിരാശപ്പെടുത്തി വീണ്ടും കോലി

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. റീസ് ടോപ്‌ലി എറി‌ഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് തുടങ്ങിയത്. ആദ്യ ഓവറിൽ ആറ് റൺസെടുത്ത ഇന്ത്യ ജോഫ്ര ആർച്ചറുടെ രണ്ടാം ഓവറിൽ അഞ്ച് റൺസ് കൂടി നേടി സുരക്ഷിതമായി തുടങ്ങി. റീസ് ടോപ്‌ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് മനോഹരമായി സിക്സിന് പറത്തി പ്രതീക്ഷ നൽകിയ വിരാട് കോലിയെ നാലാം പന്തിൽ ക്ലീൻ ബൗൾഡാക്കി ടോപ്‌ലി തിരിച്ചടിച്ചു. ഒരിക്കൽ കൂടി കോലി നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ രോഹിത്തിൻറെ ബാറ്റിലായി.

പവർപ്ലേയിലെ അവസാന ഓവറിൽ റിഷഭ് പന്തിനെ(6 പന്തിൽ 4) സാം കറൻ ഇന്ത്യക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. പവർ പ്ലേക്ക് പിന്നാലെ പന്തെറിയാനെത്തിയ ആദിൽ റഷീദിനെ രണ്ട് തവണ ബൗണ്ടറി കടത്തിയ രോഹിത്തും ക്രിസ് ജോർദ്ദാൻ ഫൈൻ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പറത്തിയ സൂര്യകുമാറും ചേർന്ന് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ 65 റൺസിലെത്തിച്ചു. മഴക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ട ഇന്ത്യ സാം കറൻ എറിഞ്ഞ പതിമൂന്നാം ഓവറിൽ 19 റൺസടിച്ച് 100 കടന്നു. 36 പന്തിൽ രോഹിത് അർധസെഞ്ചുറി തികച്ചു. ഒപ്പം മൂന്നാം വിക്കറ്റിൽ സൂര്യയും രോഹിത്തും ചേർന്് അർധസെഞ്ചുറി കൂട്ടുകെട്ടുമുയർത്തി.

ഇരട്ടപ്രഹരത്തിൽ തളർന്ന് ഇന്ത്യ

പിന്നാലെ പതിനാലാം ഓവറിൽ ആദിൽ റഷീദിൻറെ താഴ്ന്നു വന്ന പന്തിൽ രോഹിത് ബൗൾഡായി പുറത്തായി. പതിനഞ്ച് ഓവറിൽ 117/3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. ജോഫ്ര ആർച്ചർ എറിഞ്ഞ പതിനാറാം ഓവറിൽ സൂര്യകുമാർ യാദവ് വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 36 പന്തിൽ 47 റൺസെടുത്ത സൂര്യ രണ്ട് സിക്സും നാലു ഫോറും പറത്തി. രോഹിത്തും സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. 13 മുതൽ 17 വരെയുള്ള ഓവറുകളിൽ 22 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്.

പതിനെട്ടാം ഓവറിൽ ക്രിസ് ജോർദ്ദനെ തുടർച്ചയായി രണ്ട് സിക്സ് പറത്തിയ ഹാർദ്ദിക് ഇന്ത്യയെ 170 കടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അടുത്തടുത്ത പന്തുകളിൽ ഹാർദ്ദിക്കിനെയും(13 പന്തിൽ 23) ശിവം ദുബെയെയും(0) പുറത്താക്കി ജോർദ്ദാൻ ഇരട്ട പ്രഹരമേൽപ്പിച്ചത് ഇന്ത്യക്ക് ഇരുട്ടടിയായി. ആർച്ചർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ രണ്ട് ബൗണ്ടറിയടിച്ച ജഡേജ ഇന്ത്യയെ 150 കടത്തിയപ്പോൾ ക്രിസ് ജോർദ്ദാൻ എറിഞ്ഞ അവസാന ഓവറിൽ സിക്സ് പറത്തിയ അക്സർ പട്ടേൽ ഇന്ത്യയെ 171ൽ എത്തിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദ്ദാൻ 37 റൺസിന് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പർ 8ലെ അവസാന മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *