Your Image Description Your Image Description

കണ്ണൂര്‍: കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ പേരെടുത്ത് പറഞ്ഞാണ് മനു തോമസിന്‍റെ പരാതി. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്‍റെ പരാതിയില്‍ പറയുന്നത്. തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയിൽ പറയുന്നുണ്ട്.

ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി തയ്യാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചെന്നും മനു തോമസ് പരാതിയിൽ പറയുന്നു. ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് അന്വേഷണ കമ്മീഷൻ നടത്തിയതെന്നും മനു തോമസ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 2023 ഏപ്രിലിലാണ് മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

കണ്ണൂരിലെ പാർട്ടിയിൽ പിടിമുറുക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘങ്ങളോട് എതിരിട്ട മനു തോമസിനെ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയിൽ നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. ക്രിമിനൽ സംഘവുമായി പാർട്ടി നേതാക്കൾക്കുള്ള ബന്ധം തുറന്നുകാട്ടി പരാതി നൽകിയ മനു അതിന് ശേഷമാണ് പിന്നോട്ടായത്. അംഗത്വം പുതുക്കാതിരുന്നതോടെ പദവികളിൽ നിന്നൊഴിവായി. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയുൾപ്പെടെ നൽകിയ പരാതിയിൽ അന്വേഷണം പ്രഹസനമായെന്നും പാർട്ടി ഒന്നും തിരുത്തിയില്ലെന്നും മനു തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *