Your Image Description Your Image Description

 

ഡൽഹി: ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷനിൽ ശ്രദ്ധേയമായ മാറ്റവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. മീഡിയ ഫയൽ ഷെയറിംഗിലാണ് മാറ്റം വന്നിരിക്കുന്നത്. മുമ്പ് ഹൈ-ഡെഫിനിഷനിൽ ചിത്രങ്ങളും വീഡിയോകളും അയക്കുമ്പോൾ എച്ച്‌ഡി ഓപ്‌ഷൻ സെലക്‌ട് ചെയ്യണമായിരുന്നുവെങ്കിൽ പുതിയ അപ്‌ഡേറ്റോടെ ഡിഫോൾട്ടായി മീഡിയ ക്വാളിറ്റി മുൻകൂറായി നമുക്ക് സെറ്റ് ചെയ്ത് വയ്‌ക്കാനാകും. ഇതോടെ ഫയലുകൾ ഓരോ തവണ അയക്കുമ്പോഴും എച്ച്‌ഡി ഓപ്ഷൻ സെലക്ട് ചെയ്യുന്നത് ഒഴിവായിക്കിട്ടും.

ചിത്രങ്ങളും വീഡിയോകളും സ്ഥിരമായും ഏറെയും അയക്കുന്ന അനവധിയാളുകൾക്ക് സഹായകമാകുന്ന തരത്തിലുള്ള അപ്‌ഡേഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ അയക്കുന്ന ഫയലിൻറെ മീഡിയ ക്വാളിറ്റി നിങ്ങൾക്ക് മുൻകൂറായി സെറ്റ് ചെയ്‌തുവയ്‌ക്കാം. ഇതോടെ ഓരോ ഫയലിനും എച്ച്‌ഡി മോഡ് സെലക്‌ട് ചെയ്യുന്ന പ്രയാസം ഒഴിവാക്കാനാകും. ഇതിനായി മീഡിയ അപ്‌ലോഡ് ക്വാളിറ്റി ഓപ്‌ഷനിൽ ചെന്ന് എച്ച്‌ഡി ഓപ്‌‌ഷൻ തെരഞ്ഞെടുത്ത് സെറ്റ് ചെയ്‌ത് വെച്ചാൽ മാത്രം മതിയാകും. എങ്ങനെയാണ് ഇത് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം. വാട്‌സ്ആപ്പ് തുറന്ന് ആപ്പിലെ സെറ്റിംഗ്‌സിൽ ചെന്ന് സ്റ്റോറേജ് ആൻഡ് ഡാറ്റ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ എന്നൊരു ഓപ്ഷൻ കാണാം. സ്റ്റാൻഡേർഡ് ക്വാളിറ്റി, എച്ച്‌ഡി ക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകൾ ഇതിനുള്ളിലുണ്ട്. ഇവയിൽ നിന്ന് എച്ച്‌ഡി ക്വാളിറ്റി സെലക്ട് ചെയ്യുകയാണ് വേണ്ടത്. മുമ്പ് അയക്കുമ്പോൾ ചെയ്‌തിരുന്നതുപോലെ എച്ച്‌ഡി ഓപ്ഷൻ സെലക്ട് ചെയ്യാതെ തന്നെ എച്ച്‌ഡി ക്വാളിറ്റിയിൽ ചിത്രങ്ങളും വീഡിയോകളും ഇനി മുതൽ അയക്കാം.

നേരത്തെ ബീറ്റ യൂസർമാർക്ക് മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം വാട്‌സ്ആപ്പ് ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആൻഡ്രോയ്‌ഡ് യൂസർമാർക്കും ഈ സൗകര്യം ഇപ്പോൾ ഉപയോഗിക്കാം. നിങ്ങളുടെ ആൻഡ്രോയ്‌ഡ് ഫോണിലെ വാട്‌സ്ആപ്പിൻറെ സെറ്റിംഗ്‌സിൽ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ സൗകര്യം ഇപ്പോൾ കാണുന്നില്ലെങ്കിൽ ഉടൻ തന്നെ ഈ അപ്‌ഡേറ്റ് എത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *