Your Image Description Your Image Description

 

ബാർബഡോസ്: ടി20 ലോകകപ്പിൽ സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ വമ്പൻമാരായ പാകിസ്ഥാനും ന്യൂസിലൻഡും ശ്രീലങ്കയുമെല്ലാം പുറത്തേക്കുള്ള വഴി കണ്ടപ്പോൾ സൂപ്പർ 8ലെത്തി അത്ഭുതപ്പെടുത്തിയത് അമേരിക്കയെയും അഫ്ഗാനിസ്ഥാനെയും പോലുള്ള ടീമുകളാണ്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നിവരടങ്ങുന്നതാണ് സൂപ്പർ 8ലെ ഗ്രൂപ്പ് 2. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളാണുള്ളത്. ഗ്രൂപ്പിലെ ടീമുകൾ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമിയിലെത്തുന്ന രീതിയിലാണ് മത്സരക്രമം.

അരങ്ങേറ്റത്തിൽ തന്നെ അമ്പരപ്പിച്ച അമേരിക്കയും കുഞ്ഞൻമാരായ നേപ്പാളിന് മുന്നിൽ വിറച്ചെങ്കിലും വീഴാതെ അപരാജിതരായി സൂപ്പർ 8ലെത്തിയ ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് ആൻറിഗ്വയിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും തത്സമയം കാണാം.

ആതിഥേയരെങ്കിലും അരങ്ങേറ്റക്കാരായ അമേരിക്കയുടെ മുന്നേറ്റം ആരും പ്രതീക്ഷിക്കാത്തതാണ്. ആദ്യ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചു. സൂപ്പർ ഓവറിൽ പാകിസ്ഥാനെ വീഴ്ത്തി. ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി. അവസാന മത്സരം മഴ മുടക്കിയതോടെ പാകിസ്ഥാനെ നാട്ടിലേക്ക് പറഞ്ഞയച്ച് സൂപ്പർ എട്ടിലെത്തി. ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ടീമല്ല അമേരിക്ക. എന്നാൽ നഷ്ടപ്പെടാൻ ഒന്നുമില്ല എന്നത് അവരുടെ പൊരുതാനുള്ള ശക്തി കൂട്ടും. ആരോൺ ജോൺസിൻറെ ചുമലിലാണ് ബാറ്റിങ് പ്രതീക്ഷകളത്രയും. മോനാങ്ക് പട്ടേലും സ്റ്റീവൻ ടെയ്ലറും കോറി ആൻഡേഴ്സനുമെല്ലാം റണ്ണടിക്കാൻ കരുത്തുള്ളവർ. ബൗളിങ് സ്ക്വാഡിൽ സൗരഭ് നേത്രവൽക്കർ മികച്ച ഫോമിൽ. അലി ഖാൻ കൂടി തിരിച്ചെത്തിയത് ടീമിന് ഗുണം ചെയ്യും. എന്നാൽ ഇതൊന്നും ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല. ക്വിൻറൺ ഡി കോക്കും ഹെൻഡ്രിക്ക്സ് ഓപ്പണിങ് സഖ്യം ഏത് ബൗളിങ് നിരയ്ക്കും വെല്ലുവിളിയാണ്. ഏയ്ഡൻ മാർക്രം, ട്രൈസ്റ്റണ സ്റ്റബ്സ്, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ എന്നിങ്ങനെ സമ്പന്നമായ ബാറ്റിംഗ് നിര.

ടബ്രൈസ് ഷംസിയും കാഗിസോ റബാ‍ഡയും ആർറിച്ച് നോർക്യയും അടങ്ങിയ അപകടകാരികളായ ബൗളിങ് നിര. കടലാസിൽ ഏറെ മുന്നിലാണ് ദക്ഷിണാഫ്രിക്ക. എന്നാൽ ലോകകപ്പിൽ വൻ ജയങ്ങൾ നേടാനായിട്ടില്ല എന്നതാണ് ടീമിൻറെ പേടി. അവസാന മത്സരത്തിൽ ഒരു റൺസിനാണ് ദുർബലരായ നേപ്പാളിനോട് ജയിച്ചത്. ആ നാണക്കേട് മാറ്റാൻ കൂടിയാണ് ടീം ഇന്നിറങ്ങുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *