Your Image Description Your Image Description

 

ജയ്പൂരിൽ നിന്നും ഒരു യുഎസ് യുവതി വാങ്ങിയ ആഭരണങ്ങൾ ഒടുവിൽ വ്യാജമാണെന്ന് കണ്ടെത്തി. 2022 ലാണ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ജോഹ്‌രി ബസാർ ഏരിയയിലെ ഒരു കടയിൽ നിന്ന് ചെറിഷ് എന്ന യുവതി ആഭരണങ്ങൾ വാങ്ങിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. വെറും 300 രൂപ മാത്രമുള്ള ആഭരണം യുവതി വാങ്ങിയത് ആറ് കോടി രൂപയ്ക്കായിരുന്നു. ആഭരണത്തിൻറെ ആധികാരികത ഉറപ്പാക്കാൻ കടയുടമകളായ അച്ഛനും മകനും വ്യാജ സർട്ടിഫിക്കറ്റ് യുവതിക്ക് നൽകിയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ആഭരണങ്ങളുമായി യുഎസിലേക്ക് തിരിച്ച് പോയ യുവതി. അവിടെ വച്ച ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. പിന്നാലെ, മനക് ചൗക്ക് പോലീസിൽ ചെറിഷ്, തന്നെ കടയുടമ കബളിപ്പിച്ചതായി പരാതി നൽകുകയായിരുന്നു. പക്ഷേ, കടയുടമ ഗൗരവ് സോണി യുവതിയുടെ വാദം നിരസിക്കുകയും തങ്ങൾ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടെന്നും പോലീസ് പറയുന്നു. പോലീസ് റിപ്പോർട്ടിന് പിന്നാലെ യുവതി യുഎസ് എംബസിയുടെ സഹായം തേടിയതോടെ സംഭവം വാർത്തയായി. പിന്നാലെ ജയ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കടയുടമ ചെറിഷിന് നൽകിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് വ്യക്തമായി.

പോലീസ് നടത്തിയ അന്വേഷണത്തിലും ആഭരണത്തിലെ വജ്രങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞെന്ന് ജയ്പൂർ പോലീസ് ഡിസിപി ബജ്‌റംഗ് സിംഗ് ഷെഖാവത്ത് മാധ്യമങ്ങളെ അറിയിച്ചു. ആഭരണത്തിൽ 14 കാരറ്റ് വേണ്ടിയിരുന്ന സ്വർണ്ണം വെറും രണ്ട് കാരറ്റ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അതേസമയം കടയുടമകളായ അച്ഛനും മകനും ഒളിവിലാണെന്നും വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ നന്ദകിഷോറിനെ അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാന പ്രതിയായ ഗൗരവ് സോണിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗൗരവ് സോണിയും രാജേന്ദ്ര സോണിയും കോടികളുടെ തട്ടിപ്പ് നടത്തിയെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഇരുവർക്കുമായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *