Your Image Description Your Image Description

 

ന്യൂയോർക്ക്: സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഐഫോൺ പ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്ന് ആപ്പിളിൻറെ ഫോൾഡബിൾ ഫോണാണ്. മടക്കിവെക്കാവുന്ന ഡിസ്പ്ലെകളുള്ള ഫോണുകൾ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് ആപ്പിൾ എന്ന റിപ്പോർട്ടുകൾ മുമ്പ് പുറത്തുവന്നിരുന്നു. ഇക്കാര്യം ആപ്പിൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോൾഡബിൾ ഫോണുകൾക്കായി പേറ്റൻറുകൾക്ക് ആപ്പിൾ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ആപ്പിളിൻറെ ഫോൾഡബിൾ ഐഫോണുകൾ വിപണിയിൽ എത്താൻ വൈകും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

സാംസങും വൺപ്ലസും വിവോയുമെല്ലാം ഫോൾഡബിൾ ഫോണുകളുമായി വിപണിയിൽ സജീവമായിക്കഴിഞ്ഞു. ഇതിനെ മറികടക്കാൻ ആപ്പിൾ ഉടൻ ഫോൾഡബിൾ ഫോൺ അവതരിപ്പിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ആപ്പിളിൻറെ ആദ്യ ഫോൾഡബിൾ ഫോൺ 2027 വരെ വിപണിയിലെത്തില്ല എന്നാണ് മാർക്കറ്റ് റിസർച്ച് സംരഭമായ ട്രെൻഡ്‌ഫോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഫോൾഡബിൾ ഐഫോൺ മാർക്കറ്റിൽ വൻ ചലനമുണ്ടാക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല. മാർക്കറ്റിൽ ഫോൾഡബിൾ ഫോൺ ഇറക്കും മുമ്പ് സാങ്കേതികമായി ഏറ്റവും മികച്ച ഘടന അതിന് നൽകാനായി ആപ്പിൾ ഗവേഷണത്തിലാണ് എന്നാണ് സൂചനകൾ. ഏറ്റവും മികച്ച പെർഫോർമൻസ് ഫോൾഡബിൾ ഫോണുകൾക്കും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് ആപ്പിൾ കമ്പനി.

ഫോൾഡബിൾ ഐഫോൺ എത്താൻ 2027 ആവും എന്ന് ട്രെൻഡ്‌ഫോഴ്‌സിൻറെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആപ്പിളിൻറെ ഫോൾഡബിൾ ഫോണുകൾ 2026ൻറെ ആദ്യപാദത്തിൽ എത്തും എന്ന വാർത്തകൾ നേരത്തെയുണ്ടായിരുന്നു. 2027ൻറെ ആദ്യപാദത്തിൽ ആപ്പിൾ ഈ സവിശേഷ ഫോൺ അവതരിപ്പിച്ചേക്കും. സാംസങ്, ഷവോമി, ഒപ്പോ, വിവോ എന്നിവയാണ് മടക്കാനാവുന്ന ഡിസ്‌പ്ലെയുള്ള സ്മാർട്ട്‌ഫോണുകളുമായി വിപണിയിൽ സജീവമായി ഉണ്ടായിരുന്നത്. എന്നാൽ റേസർ 40, റേസർ 40 അൾട്രാ എന്നിവയുമായി മോട്ടോറോള വിപണിയിൽ ഇപ്പോൾ കരുത്തറിയിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *