Your Image Description Your Image Description

 

 

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടാനിറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടുമോ എന്നതും മലയാളികൾ ഉറ്റുനോക്കുന്നു. എന്നാൽ ഇന്ത്യൻ ക്യാംപിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഇന്ന് ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം വിരാട് കോലിയാകും ഓപ്പണറായി ഇറങ്ങുക. മൂന്നാം നമ്പറിൽ സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ അർധസെഞ്ചുറി നേടിയ റിഷഭ് പന്ത് ആകും എത്തുക.

ഇടം കൈയൻ സ്പിന്നർമാർക്ക് പിച്ചിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം പ്രതിരോധിക്കുക എന്നത് കൂടി പന്തിനെ മൂന്നാം നമ്പറിൽ കളിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമാണ്. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടത്തിൽ ഇടം കൈയൻ സ്പിന്നർമാരെ കളിക്കാൻ ബാറ്റർമാർ ബുദ്ധിമുട്ടിയിരുന്നു. ഓപ്പണിംഗിലിറങ്ങുന്ന വിരാട് കോലിക്കും രോഹിത് ശർമക്കും ഇടം കൈയൻ സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡില്ലെന്നതും ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്ന ഘടകമാണ്.

നാലാം നമ്പറിൽ സൂര്യകുമാർ യാദവ് ഇറങ്ങുമ്പോൾ ഇടം കൈയനായ ശിവം ദുബെ അഞ്ചാം നമ്പറിലെത്തും. മധ്യ ഓവറുകളിൽ സ്പിന്നർമാരെ അടിച്ചു പറത്തുക എന്നതാവും ദുബെയുടെ ചുമതല. ഹാർദ്ദിക് പാണ്ഡ്യ ആറാമതും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും എത്തുമ്പോൾ ഫിംഗർ സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിന് പകരം അക്സർ പട്ടേലിനാവും ഇന്ത്യ ഇന്ന് പ്ലേയിംഗ് ഇലവനിൽ അവസരം നൽകുക എന്നാണ് കരുതുന്നത്. ചൈനാമാൻ സ്പിന്നറായ കുൽദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി കളിക്കുമ്പോൾ പേസർമാരായി ജസ്പ്രീത് ബുമ്രയും അർഷ്‌ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.

അയർലൻഡിനെതിര ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്.

 

Leave a Reply

Your email address will not be published. Required fields are marked *