Your Image Description Your Image Description

ബാര്‍ബഡോസ്: ടി20 ലോകകപ്പിനായി ഓസ്ട്രേലിയയില്‍ നിന്ന് വിന്‍ഡീസിലെത്തിയ ഓസ്ട്രേലിയന്‍ താരം പാറ്റ് കമിന്‍സിന് വിമാനയാത്രക്കിടെ ലഗേജ് നഷ്ടമായി. ഐപിഎൽ ഫൈനലില്‍ കളിച്ചശേഷം ലോകകപ്പിന് മുമ്പ് ചെറിയ ഇടവേളയെടുത്ത കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഓസ്ട്രേലിയയിലേക്ക് പറന്നിരുന്നു. സിഡ്നിയില്‍ നിന്ന് ബാര്‍ബഡോസിലേക്ക് വിമാനം കയറിയ കമിന്‍സിന്‍റെ ലഗേജില്‍ നിന്ന് ഏതാനും ബാഗുകള്‍ നഷ്ടമായെന്നും പിന്നീട് നീണ്ട കാത്തിരിപ്പിനും തിരച്ചിലുകള്‍ക്കുംശേഷം അവ തിരികെ ലഭിച്ചെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

അതേസമയം, ഐപിഎല്ലിനുശേഷം നാട്ടിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും പോയ ഗ്ലെന്‍ മാക്സ്‌വെല്ലും മിച്ചല്‍ സ്റ്റാര്‍ക്കും വിമാനം വൈകിയത് മൂലം അമേരിക്കയില്‍ കുടുങ്ങി. ലോസാഞ്ചല്‍സിലും മിയാമിലും ഇറങ്ങിയശേഷമാണ് വിമാനം ബാര്‍ബഡോസിലെത്തിയത്. ഇതോടെ മണിക്കൂറുകളോളം വൈകിയാണ് സ്റ്റാര്‍ക്കും മാക്സ്‌വെല്ലും ബാര്‍ബഡോസിലുള്ള ടീം അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നത്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ സന്നാഹ മത്സരത്തില്‍ കളിക്കാനിരുന്ന ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസിന് തന്‍റെ ക്രിക്കറ്റ് കിറ്റ് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കാതിരുന്നതിനാല്‍ മത്സരത്തിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വിന്‍ഡീസിനെതിരായ മത്സരത്തില്‍ കളിക്കാരെ തികക്കാന്‍ പാടുപെട്ട ഓസ്ട്രേലിയ പരിശീലകരായ ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡിനെയും ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയെയുമെല്ലാം ഫീല്‍ഡിംഗിന് ഇറക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
നീണ്ട യാത്രകള്‍ക്കുശേഷം ഓസ്ട്രേലിയന്‍ ടീം ബാര്‍ബഡോസില്‍ ഒത്തുചേര്‍ന്നെങ്കിലും ബുധനാഴ്ച ഒമാനെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ആരൊക്കെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനിറങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല.

ഓസ്ട്രേലിയ ലോകകപ്പ് സ്ക്വാഡ്: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്‌വെൽ, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആദം സാംപ.

ട്രാവലിംഗ് റിസർവുകൾ: ജേക്ക് ഫ്രേസർ-മക്ഗുർക്ക്, മാറ്റ് ഷോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *