Your Image Description Your Image Description

മെറ്റയുടെ എഐ ചാറ്റ്ബോട്ടുകൾ സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്തവരോട് ലൈം​ഗികച്ചുവയോട് കൂടിയുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ ഈ രീതിയിൽ ദുരുപയോ​ഗം ചെയ്യില്ലെന്ന കരാർ നിലനിൽക്കവെയാണ് മെറ്റയുടെ ​ഗുരുതര നിയമലംഘനം. വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോൺ സീന, ക്രിസ്റ്റൻ ബെൽ, ജൂഡി ഡെഞ്ച് തുടങ്ങിയ താരങ്ങളുമായി ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറാണ് മെറ്റയ്ക്കുള്ളത്.

ഇവരുടെ ശബ്ദം നിർമിതബുദ്ധി ചാട്ട്ബോട്ടുകൾക്ക് ഉപയോ​ഗിക്കുന്നതാണ് ഈ കരാർ. എന്നാൽ, ലൈം​ഗികത പ്രകടമാക്കുന്ന സംഭാഷണങ്ങളിൽ ഏർപ്പെടില്ലെന്ന ഉറപ്പോടെ ഒപ്പിട്ട കരാർ മെറ്റ ലംഘിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോട്ടുകൾ കൂടുതൽ ആകർഷകമാക്കുന്നതിനായി അതിന്റെ സുരക്ഷാ നിയന്ത്രണങ്ങളിൽ മെറ്റ അയവ് വരുത്തിയതായി ചില ജീവനക്കാർ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിലുള്ള ഇത്തരം അപകടസാധ്യതയെക്കുറിച്ച് നേരത്തെ ഇവർ മുന്നറിയിപ്പ് നൽകിയതായും പറയുന്നു.

എന്നാൽ, വാൾ സ്ട്രീറ്റ് ജേണലിന്റെ കണ്ടെത്തലുകൾ കൃത്രിമമാണെന്നാണ് വിഷയത്തിൽ മെറ്റയുടെ വിശദീകരണം. അവ സാധാരണയായ ഉപയോക്തൃ ഇടപെടലുകളെ പ്രതിനിധീകരിക്കുന്നില്ലെന്ന് മാത്രമല്ല അങ്ങേയറ്റം സാങ്കൽപ്പികവുമാണ്. എന്തായാലും തങ്ങളുടെ ഉത്പ്പന്നങ്ങൾ മണിക്കൂറുകളോളം ഉപയോ​ഗിച്ച് അതിനെ മോശമായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്ന വ്യക്തികൾക്ക് ഇനി അത് കൂടുതൽ ബുദ്ധിമുട്ടാകാനുള്ള നടപടികൾ സ്വീകരിച്ചതായി മെറ്റ അറിയിച്ചു. അതേസമയം, റിപ്പോർട്ട് പുറത്തുവന്നതോടെ പ്രായപൂർത്തിയാകാത്തവരുടെ ബോട്ട് ഉപയോ​ഗത്തിന്റെ കാര്യത്തിൽ ചില മാറ്റങ്ങൾ മെറ്റ വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts