Home » Blog » Kerala » നിതിൻ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്തു
16

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി. ഡോ. എം.കെ റാമിന്റെ അറസ്റ്റിലെ വീഴ്ചകളില്‍ നടപടിയെടുക്കാത്തതിനെ തുടർന്ന് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്യാത്തതിലായിരുന്നു രൂക്ഷവിമര്‍ശനം. ഡിവൈഎസ്പി ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിച്ചിരുന്നു. എഡിജിപി എം.ആര്‍ അജിത് കുമാര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ എന്തുകൊണ്ട് സുധീറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്ന് കോടതി ചോദിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കത്ത് നല്‍കിയ ഉദ്യോഗസ്ഥയെ നിങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സില്‍ പരാതി നല്‍കിയ എഡിജിപിയെ നിങ്ങള്‍ ഡിജിപി ആക്കി. എഡിജിപി എം.ആര്‍ അജിത് കുമാറിനെ ഉടനെ സസ്‌പെന്‍ഡ് ചെയ്തു. അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാര്‍ ചട്ടം പറഞ്ഞില്ല. പക്ഷേ ഇവിടെ വലിയ വീഴ്ച ഉണ്ടായിട്ടും നിങ്ങള്‍ ചട്ടം പറഞ്ഞ് നടപടിയെടുക്കാതിരിക്കുകയാണ് എന്നും കോടതി രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.

ഒളിവില്‍ കഴിഞ്ഞിരുന്ന ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ നടപടിക്രമം പാലിക്കാത്തതിനെ തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസ് മനപൂര്‍വം വരുത്തിയ വീഴ്ചയാണെന്ന് കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *