ഹാമിർപുർ: ഉത്തർപ്രദേശിലെ ഹാമിർപുറിന് സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറു തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിങ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. കാറ്റിന്റെ ശക്തിയിൽ പാലത്തിന്റെ ഭാഗങ്ങൾ തകർന്നു വീഴുകയായിരുന്നു. പാലത്തിന് അടിയിൽ ഉറങ്ങി കിടന്നിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ഇവർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ ബന്ധിപ്പിക്കുന്ന പാലമാണ് നിർമാണത്തിലിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
