കേന്ദ്രമന്ത്രിസഭാ പുനസംഘടന നടക്കാനിരിക്കെ കേരളവും പ്രതീക്ഷയില്‍. കേരളത്തിനു വീണ്ടും മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 10നു മുന്‍പ് കേന്ദ്രമന്ത്രിസഭാ വികസനം ഉണ്ടായേക്കും എന്നുള്ള വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. നിലവില്‍ രണ്ട് കേന്ദ്ര സഹമന്ത്രിമാര്‍ കേരളത്തില്‍ നിന്നുമുണ്ട്. സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും. മറ്റൊരു മന്ത്രി സ്ഥാനം കൂടി ലഭിക്കുമോ എന്നാണ് അറിയാനുള്ളത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കുമാണ് നിലവില്‍ സാധ്യതയുള്ളത്. ഇവരിലൊരാള്‍ പരിഗണിക്കപ്പെട്ടാല്‍ കേരളത്തില്‍ നിന്നും മൂന്നു കേന്ദ്രമന്ത്രിമാരാകും.
സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും തുടരുമോ എന്ന കാര്യം മന്ത്രിസഭാ വികസനസമയത്ത് മാത്രമേ തീര്‍ച്ചയാവുകയുള്ളൂ. ചിലരെ പുതുതായി മന്ത്രിസഭയില്‍ എടുക്കാനും മന്ത്രിസഭയില്‍ ഉള്ളവരെ പാര്‍ട്ടി ചുമതലയിലേക്ക് നിയോഗിക്കാനും സാധ്യതകള്‍ ഏറെയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന് മൂന്നു സീറ്റുകള്‍ ലഭിച്ചതാണ് കേരളം പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന നിഗമനം ശക്തമാക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണവും തൃശൂര്‍ എംപി സീറ്റും മൂന്ന് എംഎല്‍എമാരും ബിജെപിക്ക് കേരളത്തില്‍ നിന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിനു കേന്ദ്രം കൂടുതല്‍ പരിഗണനകള്‍ നല്‍കാനുള്ള സാധ്യതകള്‍ ഏറെയാണ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നിലവില്‍ മറ്റു ചുമതലകള്‍ ഒന്നും നല്‍കിയിട്ടില്ല. മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കും ഗവര്‍ണര്‍ പദവിയും വീ.മുരളീധരന് കേന്ദ്രമന്ത്രിസഭാ സ്ഥാനവും നല്‍കിയിരുന്നു. എന്നാല്‍ ഈ പദവികളിലേക്ക് ഒന്നും തന്നെ സുരേന്ദ്രനെ പരിഗണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സുരേന്ദ്രന് സാധ്യതകള്‍ നിലനില്‍ക്കുന്നു. അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്നുമാണ് ബിജെപിയില്‍ എത്തിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ ബിജെപിയില്‍ എത്തിയത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വരെ ഞെട്ടിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന അനിലിന് ബിജെപി ദേശീയ നേതൃത്വം മുന്തിയ പരിഗണന തന്നെയാണ് നല്‍കിയത്. നിലവില്‍ ബിജെപി ദേശീയ സെക്രട്ടറിയാണ് അനില്‍. ഇവരിലാരെങ്കിലും മന്ത്രിയാകുമോ അതോ അപ്രതീക്ഷിത തീരുമാനം ഈ കാര്യത്തില്‍ ഉണ്ടാവുമോ എന്നുമാണ് അറിയാനുള്ളത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എ.പി.അബ്ദുള്ളക്കുട്ടിയുണ്ട്. പാര്‍ട്ടിയിലെ അഴിച്ചുപണിയില്‍ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം തെറിക്കുമോ അതോ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുമോ എന്നുള്ള കാര്യവും ഉറ്റുനോക്കപ്പെടുന്നുണ്ട്. എന്തായാലും ഇക്കുറിയുള്ള കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ കേരളം പ്രതീക്ഷയില്‍ തന്നെയാണ്.
