സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസമുണ്ടായ ഇഡി റെയ്ഡ് അനുഗ്രഹമായത് പിണറായി വിജയനും മറ്റൊന്ന് ബിനീഷ് കോടിയേരിക്കുമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പഴി മുഴുവന്‍ ഏറ്റുവാങ്ങി തകര്‍ന്ന മനസുമായി നിന്ന പിണറായി വിജയന്റെ വീട്ടിലേക്ക് ഇഡി റെയ്ഡ് വന്നതോടെസഖാക്കള് മുഴുവന്‍ കേന്ദ്ര ഏജന്‍സിക്കും റെയ്ഡിനും എതിരേ തിരിഞ്ഞു. പിണറായിയെ ഇഞ്ചോടിഞ്ച് എതിര്‍ത്ത സഖാക്കള്‍ മുഴുവന്‍ പിണറായിക്ക് പിന്നില്‍ അണിനിരന്നു. ഇഡിയുടെ കാറുകള്‍ അടിച്ചുതകര്‍ത്തതും ഇതേ പിണറായിക്ക് വേണ്ടി തന്നെ. ഇഡി റെയ്ഡ് വന്നതോടെ കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ വേട്ടയാടുകയാണ് എന്ന ആരോപണം സിപിഎം ശക്തമാക്കി. കരുത്തുറ്റ പാര്‍ട്ടി പിന്തുണ അദ്ദേഹത്തിനു ഉറപ്പുവരുത്തുകയും ചെയ്തു. ഇതേ റെയ്ഡ് ലോട്ടറിയായ മറ്റൊരാള്‍ ബിനീഷ് കോടിയേരിയാണ്. ആവര്‍ത്തിച്ച് തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിട്ടും പിന്‍വലിക്കാതിരുന്ന ബിനീഷിന്റെ സസ്പെന്ഷന് ഇഡി റെയ്ഡിനെ തുടര്‍ന്ന് പിണറായി വിജയന് തന്നെ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഇതോടെ ബിനീഷ് വീണ്ടും സിപിഎം പാര്‍ട്ടി അംഗമായി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്. പിണറായിയുടെ വീട്ടിലെ റെയ്ഡ് സമയത്ത് പാര്‍ട്ടി ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മുന്‍ നിരയില്‍ ബിനീഷ് കൂടിയുണ്ടായിരുന്നു. ബിനീഷിനോട് സിപിഎം നീതി ചെയ്യാത്തത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തള്ളിയാണ് ബിനീഷ് സംസാരിച്ചത്. പിണറായി പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണ്. അതിന് പാര്‍ട്ടി പ്രതിരോധം ഉയര്‍ത്തുമ്പോള്‍ മുന്‍ നിരയില്‍ താന്‍ കൂടിവേണം. അതെന്റെ കര്‍ത്തവ്യമാണ് എന്നാണ് ബിനീഷ് പ്രതികരിച്ചത്. ബിനീഷിന്റെ പ്രതികരണം വാര്‍ത്തയായപ്പോള്‍ തന്നെ അതിന് പിറകെ പിണറായി തന്നെ ഇടപെട്ട് ബിനീഷിന്റെ സസ്പെന്ഷന് പിന്‍വലിക്കുകയാണ് ഉണ്ടായത്. ഇഡി കേസിലാണ് ബിനീഷ് ബംഗളൂരുവില്‍ ജയിലഴികള്‍ക്കകത്തായത്. 2020 ഒക്ടോബറിലാണ് കേസ് വന്നത്. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷിന്റെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു ഇഡി നടപടി. ഇതോടെ പാര്‍ട്ടി ഇടപെട്ട് ബിനീഷിന്റെ അംഗത്വം മരവിപ്പിച്ചു.
അച്ഛന് പാര്‍ട്ടി സെക്രട്ടറിയായ സമയത്ത് വന്ന സസ്പെന്ഷന് പിന്നീട് പാര്‍ട്ടി പിന്‍വലിച്ചില്ല. വീണ്ടുമൊരു ഇഡി റെയ്ഡ് തന്നെയാണ് ബിനീഷിന് പാര്‍ട്ടി അംഗത്വം വീണ്ടും ലഭിക്കാന്‍ ഇടയാക്കിയതും. തിരുവനന്തപുരം സിപിഎം ജില്ലാ കമ്മറ്റി ബിനീഷിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ നാല് തവണ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടിയെങ്കിലും സസ്പെന്ഷന് മാത്രം പിന്‍വലിക്കപ്പെട്ടില്ല. 2023 ൽ ഇഡി കേസില്‍ ബിനീഷ് പൂർണമായും കുറ്റവിമുക്തനായിരുന്നു. എസ്എഫ്ഐ അംഗമായിരിക്കേയാണ് ബിനീഷിന് സിപിഎം അംഗത്വം ലഭിക്കുന്നത്. എകെജി സെന്ററിലാണ് അംഗത്വമുണ്ടായിരുന്നത്. ബിനീഷിന് അംഗത്വം പുതുക്കി നല്‍കാത്തത് വിവാദമായി തുടരുമ്പോഴാണ് മാസപ്പടിക്കേസില്‍ റെയ്ഡുമായി ഇഡി എത്തുന്നതും പിണറായി തന്നെ ഇടപെട്ട് പാര്‍ട്ടി സസ്പെന്ഷന് പിന്‍വലിക്കുന്നതും.
