സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് എത്തിയത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ തേടിയല്ല. അദ്ദേഹത്തിന്‍റെ മകള്‍ വീണ വിജയനെ തേടിയാണ്. വീണ വിജയന്‍റെ കമ്പനി എക്സാലോജിക്ക് സേവനം നല്‍കാതെ കരിമണല്‍ കര്‍ത്തയുടെ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയതാണ് ഇഡിയുടെ അന്വേഷണ വിഷയം. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. വീണ താമസിക്കുന്ന തിരുവനന്തപുരം ബേക്കറിയിലെ വീട്ടിലാണ് നിലവില്‍ പ്രതിപക്ഷ നേതാവായ പിണറായി വിജയനും താമസിക്കുന്നത് എന്നതുകൊണ്ടാണ് ഇഡി പിണറായിയുടെ വീട്ടിലെത്തിയത്. എന്നാല്‍ സിപിഎം പ്രചരിപ്പിച്ചതോ പിണറായിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്നായിരുന്നു.
റേയ്ഡിന് തൊട്ടു തലേന്നാണ് മുഖ്യമന്ത്രി വിഡി.സതീശന്‍ പ്രധാനമന്ത്രി മോദിയെ കണ്ടത്. ഇതോടെ മോദി-വിഡി ഡീല്‍ ആണെന്ന ആക്ഷേപവും സിപിഎം ശക്തമാക്കി. ഈ രണ്ട് സംഭവത്തിനും റെയ്ഡുമായി ബന്ധമുണ്ടായിരുന്നില്ല. സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരുന്നുണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തിനു ഹൈക്കോടതിയുടെ പൂട്ട് വീണു. വീണാ വിജയൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു.
ഇഡി അന്വേഷണത്തിനു എതിരേ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി നടപടി. ഈ സ്റ്റേ നീങ്ങാതെ അന്വേഷണം നടത്താന്‍ ഇഡിക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ സിഎംആര്‍എല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെയാണ് അന്വേഷണം നടത്താന്‍ ഇഡിക്ക് അരങ്ങൊരുങ്ങിയത്. വീണയുടെ വീട്ടില്‍ ഇഡിയ്ക്ക് റെയ്ഡ് നടത്താനും അതുകൊണ്ട് തന്നെയാണ് കഴിഞ്ഞത്. എന്നാല്‍ ഈ വസ്തുതകള്‍ സിപിഎം മറച്ചുവെച്ചു. റെയ്ഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ തെരുവില്‍ ഇറങ്ങി. ഇഡി സംഘം സഞ്ചരിച്ച കാര്‍ തല്ലിത്തകര്‍ത്തു. ഇത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായി. ഈ അക്രമത്തില്‍ സഖാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. പ്രതിഷേധം ഇവിടെ നിര്‍ത്താതെ ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചു,
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി വരെ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായി. ഇഡിയുടെ അന്വേഷണ മുനമ്പില്‍ വീണയാണ് എന്ന് മറച്ചുവെയ്ക്കാനും മോദി-വിഡി ഡീല്‍ എന്നൊക്കെ പറഞ്ഞു കോലാഹലമുണ്ടാക്കാനും സിപിഎമ്മിന് കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വിഡി.സതീശന്‍ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതോടെ സിപിഎം ആരോപണം ശക്തമാക്കുകയും ചെയ്തു. ശരിക്ക് പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുകയാണ് സിപിഎം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആരോപണ ശയ്യയിലാണ്. എന്നാല്‍ ഇഡി റെയ്ഡ് വന്നതോടെ സിപിഎമ്മിന്റെ രോഷത്തീയില്‍ നിന്നും പിണറായി വിജയന് പുറത്തുകടക്കാന്‍ കഴിഞ്ഞു. പാര്‍ട്ടിയെയും സഖാക്കളെയും തന്റെ പിന്നില്‍ അണിനിരത്താനും കഴിഞ്ഞു. എന്തായാലും ഇഡി റെയ്ഡിനെ തുടര്‍ന്ന് വന്ന ജാള്യം മറയ്ക്കാന്‍ തന്നെയാണ് സിപിഎം ശ്രമിച്ചത്. ഇഡി സംഘം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് കേസിന്റെ ഗതി മാറിയത് വീണയെ എങ്ങനെ ബാധിക്കുമെന്നത് കണ്ട് തന്നെ അറിയേണ്ടിവരും.
