Your Image Description Your Image Description

ഒരു യാത്രക്കാരൻ കാരണം അമേരിക്കൻ എയർലൈൻസിന് മണിക്കൂറുകൾ കൊണ്ട് ഉണ്ടായ നഷ്ടം 51 ല​ക്ഷം രൂപ.
സുരക്ഷാ നടപടികളൊന്നും പൂർത്തിയാക്കാതെ ഒരാൾ വിമാനത്തിനകത്ത് കടന്നു. വിമാനം റണ്‍വേ വിടാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം അറിയുന്നത്. ഇതോടെ യാത്ര തുടങ്ങരുതെന്ന് എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി. ഏത് വിമാനത്തിലാണ് യാത്രക്കാരന്‍ കയറിയതെന്നറിയാനുള്ള തിരിച്ചിലിനൊടുവിൽ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഇതോടെ ആ വിമാനം റദ്ദാക്കി. അമേരിക്കയിലെ ഫിലാഡല്‍ഫിയ വിമാനത്താവളത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

മണിക്കൂറുകളില്‍ നഷ്ടം 50 ലക്ഷം രൂപ
32 കാരനായ ജോനാഥന്‍ ബ്യൂ ആദ്യം വിമാനത്തില്‍ കയറിയശേഷം തിരിച്ചിറങ്ങുകയായിരുന്നു. ടെര്‍മിനലില്‍ വന്ന് വീണ്ടും വിമാനത്തില്‍ കയറാന്‍ പോകുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. തന്റെ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ വന്നതാണെന്നായിരുന്നു ജോനാഥന്റെ മറുപടി. വീണ്ടും സുരക്ഷാ പരിശോധനക്ക് വിധേയനാകണമെന്ന് പറഞ്ഞതോടെ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരന് 50 ഡോളര്‍ കൈക്കൂലി നല്‍കി വിമാനത്തിനടുത്തേക്ക് ഓടി. ഇതോടെയാണ് സുരക്ഷാപാളിച്ചയെ കുറിച്ച് ആശങ്ക ഉയര്‍ന്നത്.

അനധികൃതമായി വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാക്കിയത് 60,000 ഡോളര്‍ (51 ലക്ഷം രൂപ) നഷ്ടമാണ്. വിമാനത്തിന്റെ യാത്ര റദ്ദാക്കിയതു മുതല്‍ അധിക സുരക്ഷാ പരിശോധന വരെയുള്ള ചെലവുകളാണിത്. 2024 ജൂണ്‍ 26 ന് അര്‍ധരാത്രി നടന്ന സംഭവത്തില്‍ എയര്‍ലൈന്‍ കമ്പനി യാത്രക്കാരനെതിരെ കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് കോടതി കേസില്‍ വിധി പറഞ്ഞത്. ജോനാഥന്‍ ബ്യൂ 60,000 ഡോളര്‍ പിഴയടക്കണം. ഒരു വര്‍ഷത്തെ നല്ല നടപ്പിനും ശിക്ഷിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തെ കോടതി വിമര്‍ശിച്ചിട്ടുണ്ട്.

ടിക്കറ്റില്ലാതെയും യാത്രക്കാരന്‍
സാള്‍ട്ട് ലേക്ക് വിമാനത്താവളത്തില്‍ ഡെല്‍ട്ട എയര്‍ലൈന്‍സില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരന്‍ കയറിയത് നേരത്തെ വാര്‍ത്തയായിരുന്നു. മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ ടിക്കറ്റ് കാണിച്ചാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്. എന്നാല്‍ ഇത് മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റായിരുന്നെന്ന് വിമാനത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ കയറിയ ഇയാള്‍ ആദ്യം ടോയ്‌ലറ്റില്‍ ഒളിച്ചിരുന്നു. വിമാനം പറന്നു തുടങ്ങിയാല്‍ കാലിയായ സീറ്റുണ്ടെങ്കില്‍ ഇരിക്കാനായിരുന്നു പ്ലാനെന്ന് പോലീസിന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. കേസ് കോടതിയിലാണ്. അഞ്ചു വര്‍ഷം വരെ തടവും രണ്ടര ലക്ഷം ഡോളര്‍ പിഴയും ലഭിക്കാവുന്ന കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts