Home » Blog » Kerala » വർക്കലയിൽ നവവധുവിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം
police-680x450

തിരുവനന്തപുരം: വർക്കലയിൽ പത്തൊൻപതുകാരിയായ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റാത്തിക്കൽ സ്വദേശിനി നാസിയയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് യുവതിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

രണ്ട് മാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. വിവാഹം കഴിഞ്ഞ് പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങിപ്പോയിരുന്നു. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിൽ തന്നെ നടന്ന ദാരുണസംഭവം ആയതിനാൽ, ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.