വിപണി കീഴടക്കാൻ മസ്കിന്റെ സ്റ്റാര്‍ലിങ്ക്, രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും

ഇന്ത്യയിൽ രണ്ട് മാസത്തിനുള്ളില്‍ പ്രവർത്തനം തുടങ്ങാനൊരുങ്ങി എലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്ക്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവർത്തനം തുടങ്ങാനായി ടെലികോം മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ചത്. ഇന്ത്യയിൽ വിപണി പിടിക്കാൻ പല തന്ത്രങ്ങളും ഒരുക്കുകയാണ് ഇപ്പോൾ സ്റ്റാർലിങ്ക്. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും സ്റ്റാര്‍ലിങ്ക് ഒരു മാസത്തെ സൗജന്യ ഉപയോഗം (കോംപ്ലിമെന്ററി ട്രയല്‍) വാഗ്ദാനം ചെയ്യും. സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നല്‍കിത്തുടങ്ങുന്നതിനു മുമ്പ് ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനം അനുഭവിച്ചറിയാന്‍ അവസരം നല്‍കന്നതിനാണ് ഒരുമാസത്തെ കോംപ്ലിമെന്ററി ട്രയല്‍. കമ്പനിയുടെ ആഗോള നയത്തിന്റെ ഭാഗമായാണിത്. പ്രദേശവും ഉപയോഗ സാഹചര്യവും അനുസരിച്ച് വ്യത്യാസപ്പെടുന്ന റെസിഡന്‍ഷ്യല്‍ പ്ലാനുകള്‍ കമ്പനി ലഭ്യമാക്കും. സ്റ്റാര്‍ലിങ്ക് നിലവില്‍ 25 എംബിപിഎസ് മുതല്‍ 220 എംബിപിഎസ് വരെ വേഗതയിലാണ് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.

ഫൈബര്‍ അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെ ആശ്രയിക്കാതെയാണ് ഈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. മറ്റുരാജ്യങ്ങളിലെ കമ്പനിയുടെ തന്ത്രത്തിന് സമാനമായ രീതിയില്‍ തന്നെയാണ് ഇന്ത്യയിലെ വിലനിര്‍ണയ രീതി. ബംഗ്ലാദേശിലും ഭൂട്ടാനിലും സമാനമായ വിലയാണ് സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ക്കുള്ളത്. അവിടെയും സാറ്റലൈറ്റ് ഡിഷ് ഉപകരണത്തിന് 33,000 രൂപയാണ് വില. കമ്പനിയുടെ ഏകീകൃത സമീപനം ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 100-ലധികം രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനക്ഷമമാണ്.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനായി സ്റ്റാര്‍ലിങ്ക് ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരുമായി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതിനിടെ, സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് ഡിജിറ്റല്‍ കണക്റ്റിവിറ്റി രംഗത്ത് കാര്യമായ മാറ്റം വരുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലും ഫൈബര്‍-ഒപ്റ്റിക് കേബിളുകളും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ഇപ്പോഴും എത്തിച്ചേരാത്ത സ്ഥലങ്ങളിലും ഇത് വലിയ മാറ്റം കൊണ്ടുവരും. താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിച്ചാണ് ഇത്തരം പ്രദേശങ്ങളിലടക്കം വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *