Your Image Description Your Image Description

വിത്തുകൾ രാജ്യത്തിൻ്റെ ഖജനാവാണെന്നും ഏറ്റവും ഗുണമേന്മയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കണമെന്നതാണ് സർക്കാർ ലക്ഷ്യമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി വഴി ഉല്പാദിപ്പിച്ച നെൽവിത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണമേന്മയുള്ള വിത്തുകൾ നമ്മുടെ നാട്ടിൽതന്നെ ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നതിനുള്ള ഇടപെടലുകൾ സർക്കാർ തലത്തിൽ ആവിഷ്കരിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 1200 കോടിയോളം കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തും. നാട്ടിലെ പച്ചക്കറിക്ഷാമം നേരിടുന്നതിന് 365 ദിവസവും പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനുള്ള തീവ്ര യജ്ഞത്തിലേക്ക് നീങ്ങണമെന്നും മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള നെൽവിത്ത് പ്രാദേശികമായി ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘വിത്ത് ഗ്രാമം’ എന്ന പേരിൽ നെൽവിത്ത് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം മാവേലിക്കര നൂറനാട് ഭാഗത്തുള്ള പാടശേഖരങ്ങളിലാണ് വിത്ത് ഉത്പാദനം നടത്തുന്നത്. അറുന്നൂറ്റിമംഗലം സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. നഗരസഭ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ മന്ത്രിയിൽ നിന്ന് വിത്ത് ഏറ്റുവാങ്ങി. ഒരു ലക്ഷം പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ് നിർവഹിച്ചു. ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ഷീബ സനൽ കുമാർ പച്ചക്കറിത്തൈ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിനു ഐസക്ക് രാജു, എം വി പ്രിയ, അഡ്വ. ടി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത മോഹൻ, അഡ്വ. ആർ റിയാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, ഫാംസ് അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആനി മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് വി പ്രദീപ്കുമാർ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts