കൊച്ചി: സംസ്ഥാനത്ത് മെയ് മാസത്തെ ഇന്ധന വിൽപനയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). പെട്രോളിന്റെ വിൽപന കഴിഞ്ഞവർഷത്തെ 36,882.82 മെട്രിക് ടണ്ണിൽനിന്ന് 7.97 ശതമാനം വളർച്ചയോടെ 39,823.98 മെട്രിക് ടണ്ണായി ഉയർന്നു. ഡീസൽ വിൽപന കഴിഞ്ഞവർഷത്തെ 42,390.22 മെട്രിക് ടണ്ണിൽനിന്ന് 47,193.08 ടണ്ണായി ഉയർന്നു. 11.33 ശതമാനമാണ് വർധനവ്. ഇന്ധന വിതരണത്തിൽ ആഗോള പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും വിതരണ ശൃംഖലയുടെ കൃത്യമായ ഏകോപനത്തിലൂടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുമാണ് വിൽപന വളർച്ച കൈവരിച്ചതെന്ന് ബിപിസിഎൽ അറിയിച്ചു.
ഇന്ധന ആവശ്യകത ഉയർന്ന സാഹചര്യത്തിൽ റിഫൈനറികൾ മുതൽ റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ വരെയുള്ള വിതരണ സംവിധാനം കുറ്റമറ്റതാക്കി. ഔട്ട്ലെറ്റുകളിൽ ഇന്ധന ആവശ്യകത ഉറപ്പാക്കുന്ന തത്സമയ നിരീക്ഷണ സംവിധാനവും ആവശ്യത്തിന് ജീവനക്കാരുടെ സേവനവും ഉറപ്പാക്കി. സംസ്ഥാനത്തുടനീളം നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇന്ധന ടാങ്കറുകൾ സജ്ജമാക്കിയതും മുഴുവൻ സമയ സേവനത്തിന് വിദഗ്ധരായ ജീവനക്കാരെ നിയോഗിച്ചതുമാണ് വിൽപന വളർച്ച ഉയർത്തിയതെന്നും ബിപിസിഎൽ അറിയിച്ചു.
