Home » Blog » kerala Max » സംഘർഷത്തിന് കാരണം പുറത്തുനിന്നുള്ള അക്രമികൾ; ജന്തർ മന്തർ സംഭവത്തിൽ സിജെപി നേതൃത്വത്തിന്റെ പ്രതികരണം
ABHIJEET

ഡൽഹി: ജന്തർ മന്തറിൽ സംഘർഷത്തിന് ശ്രമിക്കുന്നത് സമരക്കാരല്ലെന്നും പുറത്തുനിന്നുള്ള ആളുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. സമവായ ചർച്ചകൾക്കായി ജന്തർ മന്തറിന്റെ വാതിലുകൾ തുറന്നുകിടക്കുകയാണെന്നും കേന്ദ്രമന്ത്രിമാർക്ക് ഇവിടേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച ആഴത്തിൽ ചർച്ച ചെയ്യേണ്ട ഗൗരവതരമായ പ്രശ്നമാണെന്നും, വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണമായ ഘടകങ്ങൾ, കുറ്റക്കാർ, സർക്കാർ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ചെല്ലാം പാർലമെന്റിൽ സമഗ്രമായ ചർച്ച നടക്കട്ടെയെന്നും ജെ.പി. നദ്ദ കൂട്ടിച്ചേർത്തു.

ഇതിനിടയിൽ, ഇന്നലെ ജന്തർ മന്തറിലെ സമരവേദിക്ക് സമീപം സൻസദ് മാർഗിൽ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഘർഷാവസ്ഥ ഒഴിവാക്കാൻ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഈ സംഘർഷത്തിൽ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരും ഇൻസ്പെക്ടറുമടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.