Your Image Description Your Image Description

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ ചുമതലയേറ്റു. കത്തോലിക്കാ സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമാണ് ലിയോ പതിനാലാമന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുളളിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലിയോ പതിനാലാമനെ ഔദ്യോഗികമായി മാര്‍പാപ്പയായി വാഴിക്കുന്ന കുര്‍ബാനയില്‍ ഉടനീളം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യം അറിഞ്ഞെന്ന് ലിയോ പതിനാലാമന്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. മാര്‍പാപ്പ തുറന്ന വാഹനത്തിലെത്തി വിശ്വാസികളെ ആശിര്‍വദിച്ചു. സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിച്ചു.

മാര്‍പാപ്പ കുര്‍ബാനമധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി. പത്രോസിന്റെ തൊഴിലിനെ ഓര്‍മ്മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മ്മം ഓര്‍മ്മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണെന്നും ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണമെന്നും മാര്‍പാപ്പ പറഞ്ഞു. ഇത് സ്‌നേഹത്തിന്റെ സമയമാണെന്നും ദൈവ സ്‌നേഹത്തിന്റെ വഴിയെ നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘വെറുപ്പും വിദ്വേഷവും മൂലം ലോകം അസ്വസ്ഥമാണ്. സ്‌നേഹവും സാഹോദര്യവും പങ്കുവയ്ക്കാന്‍ എല്ലാവരും തയ്യാറാകണം. സ്‌നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കാന്‍ കഴിയണം. ഞാന്‍ മാര്‍പാപ്പയായത് എന്റെ കഴിവല്ല. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. നിങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വന്നവന്‍’- ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയാണ്.

മോതിരത്തിൽ വി. പത്രോസ് വഞ്ചിയിലിരുന്ന് വലവീശുന്ന ചിത്രവും, പാപ്പയുടെ പേരുമുണ്ടാകും. ആദ്യ മാർപാപ്പയായ വി. പത്രോസ് മുക്കുവനായിരുന്നു. അതുകൊണ്ടാണ് ‘മുക്കുവന്റെ മോതിരം’ എന്ന്‌ പേര്. മാർപാപ്പ ദിവംഗതനായാലോ സ്ഥാനത്യാഗംചെയ്താലോ മോതിരം നശിപ്പിച്ചുകളയും.ഓരോ മാർപാപ്പയ്ക്കും വേണ്ടി പുതിയതുണ്ടാക്കും. പരമ്പരാഗതമായി സ്വർണത്തിലാണ് ഇത്‌ പണിയുക. വെള്ളിയിലുണ്ടാക്കി സ്വർണംപൂശാറുമുണ്ട്. ബെനഡിക്‌ട്‌ പതിനാറാമൻ പാപ്പ സ്വർണമോതിരമാണ് അണിഞ്ഞത്. എന്നാൽ, ഫ്രാൻസിസ് പാപ്പ സ്വർണംപൂശിയ വെള്ളിമോതിരമാണ് തിരഞ്ഞെടുത്തത്.

കഴുത്തിനുചുറ്റും അണിയുന്ന വെളുത്തതുണിയാണ് പാലിയം. ഇത് മാർപാപ്പയുടെ അധികാരത്തെയും ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. ദിവ്യബലിയർപ്പിക്കുമ്പോൾ അണിയുന്ന തിരുവസ്ത്രത്തിന്‌ മുകളിലായാണ് പാലിയം ധരിക്കുന്നത്. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളെ സൂചിപ്പിച്ച് അഞ്ച് കുരിശുകൾ പാലിയത്തിലുണ്ടാകും. യേശു എന്ന നല്ലയിടയനെയാണ് ഈ വസ്ത്രം ഓർമിപ്പിക്കുന്നത്.

കുഞ്ഞാടുകളുടെ രോമംകൊണ്ടാണ് പാലിയം നെയ്യുന്നത്. ഓരോവർഷവും സെയ്ന്റ് ആഗ്‌നസിന്റെ തിരുനാളിൽ ട്രെ ഫൊണ്ടെയ്നിൽനിന്ന് രണ്ട്‌ കുഞ്ഞാടുകളെ റോമിലെ സെയ്ന്റ് ആഗ്‌നസ് ബസിലിക്കയിലെത്തിക്കും. വി. പൗലോസ് രക്തസാക്ഷിത്വംവരിച്ചയിടമാണ് ട്രെ ഫൊണ്ടെയ്ൻ എന്നാണ് വിശ്വാസം. ബസിലിക്കയിൽ കുഞ്ഞാടുകളെ ആശീർവദിക്കും. അതുകഴിഞ്ഞ് മാർപാപ്പയ്ക്ക് സമ്മാനിക്കും. ട്രസ്റ്റീവെരെയിലെ സെയ്ന്റ് സെസിലിയ ബസിലിക്കയിലെ ബെനഡിക്റ്റൈൻ കന്യാസ്ത്രീകൾക്കാണ് ഇവയുടെ പരിപാലനച്ചുമതല. ഈസ്റ്ററിന്‌ തൊട്ടുമുൻപ്‌ ഇവയുടെ രോമം കത്രിക്കും. അതുപയോഗിച്ചാണ് പാലിയം തയ്യാറാക്കുക. പുതുതായി നിയമിതരാകുന്ന ആർച്ച്ബിഷപ്പുമാർക്കുള്ള പാലിയമുണ്ടാക്കുന്നതും ഇതിൽനിന്നാണ്.

അഗസ്റ്റീനിയൻസഭയുടെ പാരമ്പര്യത്തിലൂന്നിയ മുദ്രയാണ് (കോട്ട് ഓഫ് ആംസ്) ലിയോ പതിന്നാലാമൻ തിരഞ്ഞെടുത്തത്. സഭയ്ക്കുള്ളിലെ ഐക്യവും ഒരുമയുംകൂടി സൂചിപ്പിക്കുന്നു അത്. ഒരുകോണിൽനിന്ന് മറ്റേകോണിലേക്ക് വരച്ച രേഖകൊണ്ട് പരിചയെ വിഭജിച്ചിരിക്കുന്നു. മുകൾഭാഗത്ത് നീലപശ്ചാത്തലത്തിൽ വെള്ള ലില്ലിപ്പൂവ്. കീഴ്‌പാതിയിൽ അടച്ചപുസ്തകത്തിനുമേലുള്ള ഹൃദയത്തെ തുളയ്ക്കുന്ന അമ്പ്. വി. അഗസ്റ്റിൻ തന്റെ ദൈവദർശനത്തെക്കുറിച്ച്‌ പറഞ്ഞ വാക്യമാണ് (‘‘വചനത്താൽ അവിടുന്നെന്റെ ഹൃദയം തുളച്ചു’’) ഇതിന്റെ പശ്ചാത്തലം. മാർപാപ്പയുടെ ആപ്തവാക്യത്തിലും അഗസ്റ്റീനിയൻ പാരമ്പര്യം പ്രതിഫലിക്കുന്നു. ‘ആ ഒന്നിൽ നാമൊന്ന്’ എന്നർഥം വരുന്ന ലാറ്റിൻ വാചകമാണത്. 127-ാം സങ്കീർത്തനത്തെക്കുറിച്ചുള്ള വി. അഗസ്റ്റിന്റെ ദർശനത്തിൽനിന്നാണ് (‘‘നാം ക്രിസ്ത്യാനികൾ ഒട്ടേറെയുണ്ടെങ്കിലും, ക്രിസ്തുവിൽ നാം ഒന്നാണ്’’) ഇത്‌ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts