കൊച്ചി: പ്രമുഖ ആഭ്യന്തര, അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ യെസ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയതോടെ ബാങ്കിന്റെ വായ്പാ വിശ്വാസ്യത കൂടുതൽ ശക്തിപ്പെട്ടു. ബാങ്കിന്റെ ആസ്തികളുടെ ഗുണനിലവാരം, ലാഭക്ഷമത, മൂലധന അടിത്തറ എന്നിവയിലുണ്ടായ പുരോഗതിയാണ് റേറ്റിംഗ് ഉയർത്താൻ കാരണമായത്.
എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്‌സ് യെസ് ബാങ്കിന് ആദ്യമായി ബി.ബി. പ്ലസ് ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിങ്ങും സ്റ്റേബിൾ ഔട്ട്‌ലുക്കും നൽകി. 2026 മെയ് മാസം മൂഡീസ് റേറ്റിങ്‌സ് യെസ് ബാങ്കിന്റെ റേറ്റിംഗ് ബി.എ ടു വിൽ നിന്നും ബി.എ വൺ- സ്റ്റേബിൾ ആയി ഉയർത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇതോടെ രണ്ട് ആഗോള റേറ്റിങ് ഏജൻസികളിൽ നിന്നാണ് യെസ് ബാങ്കിന് സ്ഥിരതയുള്ള അന്തർദേശീയ റേറ്റിങ് ലഭിച്ചത്.
ബാങ്കിന്റെ ആസ്തികളുടെ ഗുണനിലവാരത്തിലെ പുരോഗതി, ശക്തമായ ധനസമാഹരണ സംവിധാനം, മെച്ചപ്പെട്ട മൂലധന സ്ഥിതി, പ്രവർത്തന ലാഭത്തിലെ സ്ഥിരമായ വളർച്ച, യെസ് ബാങ്കിൽ ഏകദേശം 24.9 ശതമാനം ഓഹരിയുള്ള ഏറ്റവും വലിയ ഓഹരിയുടമയായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോർപ്പറേഷന്റെ നിക്ഷേപം എന്നിവയാണ് റേറ്റിങ് ഉയർത്താൻ സഹായിച്ച പ്രധാന ഘടകങ്ങൾ.
ആഭ്യന്തര റേറ്റിംഗ് വിഭാഗത്തിൽ ഐസിആർഎ ബാങ്കിന്റെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾക്കും ബാസൽ ത്രീ ടയർ ടു ബോണ്ടുകൾക്കും നൽകിയ ദീർഘകാല റേറ്റിംഗ് ഐസിആർഎ എ.എ (സ്റ്റേബിൾ) ആയി ഉയർത്തി. നേരത്തെ കെയർ എഡ്ജ് റേറ്റിങ്‌സും ബാങ്കിന്റെ ദീർഘകാല റേറ്റിംഗ് കെയർ എ.എ മൈനസിൽ നിന്നും കെയർ എ.എ പ്ലസ്’ (സ്റ്റേബിൾ) ആയി ഉയർത്തിയിരുന്നു.
