
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കറുടെ 29-ാം പിറന്നാളിനോടനുബന്ധിച്ച് പിതാവ് പങ്കുവെച്ച വൈകാരികമായ ആശംസാ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാറയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് സച്ചിൻ തന്റെ മകൾക്ക് ജന്മദിനാശംസകൾ നേർന്നത്.
“ഞാൻ നിങ്ങൾക്ക് വഴി കാണിച്ചുതന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന വഴികളിലൂടെ മുന്നേറുന്നത് കാണുമ്പോൾ അളവറ്റ സന്തോഷമാണ് തോന്നുന്നത്. ജന്മദിനാശംസകൾ സാറ, ഒരുപാട് സ്നേഹം,” എന്ന് സച്ചിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പോസ്റ്റിന് താഴെ ക്രിക്കറ്റ് പ്രേമികളും പ്രമുഖരുമടക്കം ആയിരക്കണക്കിന് ആളുകളാണ് സാറയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്.
ബയോമെഡിക്കൽ സയന്റിസ്റ്റും ന്യൂട്രീഷനിസ്റ്റുമായ സാറ ടെണ്ടുൽക്കർ നിലവിൽ സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടർമാരിൽ ഒരാളായി പ്രവർത്തിക്കുകയാണ്. കൂടാതെ ‘പിലാറ്റസ് അക്കാദമി’ എന്ന പേരിൽ സ്വന്തമായി ഫിറ്റ്നസ് സംരംഭവും സാറ ആരംഭിച്ചിട്ടുണ്ട്. നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിൽ തിളങ്ങിയ സാറ, പി.എൻ.ജി ജ്വല്ലേഴ്സ്, ടൂറിസം ഓസ്ട്രേലിയ, സെറ്റാഫിൽ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ്.
