Home » Blog » Kerala » ന്യൂസിലൻഡ് പര്യടനം അത്ര എളുപ്പമാകില്ല; ഇന്ത്യൻ ടീമിന് തലവേദനയായി കാലാവസ്ഥയും ഫീൽഡിംഗും!
indn--680x450

വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ ക്രീക്കറ്റ് ടീമിന് കനത്ത പരീക്ഷണമാകുക തണുപ്പേറിയ കാലാവസ്ഥയും തുടർച്ചയായ ഫീൽഡിംഗ് പിഴവുകളുമായിരിക്കുമെന്ന് മുൻ ഇന്ത്യൻ ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ. ബാറ്റിംഗിലും ബോളിംഗിലും ടീം മികച്ച ശൈലി കണ്ടെത്തിയെങ്കിലും, ഫീൽഡിംഗിലെ സ്ഥിരതയില്ലായ്മ വലിയ ആശങ്കയായി തുടരുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

ഇന്ത്യയിലെ ചൂടിൽ നിന്ന് പെട്ടെന്ന് ന്യൂസിലൻഡിലെ തണുപ്പേറിയ അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ താരങ്ങൾക്ക് കടുത്ത വെല്ലുവിളിയാകും. ശക്തമായ കാറ്റുള്ള വെല്ലിംഗ്ടണിലും, തണുത്തുറഞ്ഞ പ്രഭാതങ്ങളുള്ള ക്രൈസ്റ്റ്ചർച്ചിലും ഉയർന്ന ക്യാച്ചുകൾ കൈപ്പിടിയിലാക്കുക എളുപ്പമാകില്ല. തണുപ്പിൽ കൈകളുടെ അയവ് നഷ്ടപ്പെടാതിരിക്കാൻ ഹാൻഡ് വാമറുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ താരങ്ങൾ സ്വീകരിക്കേണ്ടിവരുമെന്ന് ശ്രീധർ ചൂണ്ടിക്കാട്ടി. കാലാവസ്ഥ മാത്രമല്ല, കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് നിലവാരം താഴേക്കാണെന്ന് അദ്ദേഹം പറഞ്ഞു.

 

2026 ടി20 ലോകകപ്പിൽ ഉൾപ്പെടെ നിർണായകമായ നിരവധി ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. സെമിഫൈനലിൽ അക്സർ പട്ടേൽ നടത്തിയ മികച്ച ഫീൽഡിംഗ് പ്രകടനങ്ങൾ മത്സരത്തിൽ വഴിത്തിരിവായെങ്കിലും, ഇത്തരം ഒറ്റപ്പെട്ട നിമിഷങ്ങളെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബാറ്റിംഗിലും ബോളിംഗിലും കാണിക്കുന്ന കൃത്യത ഫീൽഡിംഗ് സംസ്‌കാരത്തിലും കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഒക്ടോബർ 22-ന് ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് നവംബർ 4 മുതൽ ഏകദിന പരമ്പരയും, നവംബർ 19 മുതൽ ടെസ്റ്റ് പരമ്പരകളും നടക്കും. വരാനിരിക്കുന്ന ലോകകപ്പ് മുന്നിൽ നിൽക്കെ, ഫീൽഡിംഗിലെ പോരായ്മകൾ പരിഹരിക്കാനുള്ള മികച്ച അവസരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *