തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം. എന്നാലും തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെലങ്കാന മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയതോ ഇടത്തരമോ ആയ മഴ തുടരാനാണ് സാധ്യത. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലെ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതും ഉത്തര്‍പ്രദേശിന് മുകളിലുള്ള ന്യൂനമര്‍ദ്ദ മേഖലയുടെ ശക്തി കുറയുന്നതും മഴയുടെ ആക്കം കുറയാന്‍ സഹായിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
കൂടാതെ വരും ദിവസങ്ങളില്‍ അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഒമാന്‍, സൊമാലിയ തീരങ്ങളിലും ശ്രീലങ്കന്‍ തീരങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
