രാജ്യത്ത് പാചകവാതക ശേഖരം ആവശ്യത്തിലധികം വർധിച്ചതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ സർക്കാർ എണ്ണക്കമ്പനികൾ വൻതോതിൽ എൽപിജി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വിപണിയിലെ ആവശ്യകതയേക്കാൾ കൂടുതൽ ഇന്ധനം ശേഖരത്തിലുള്ളത് എണ്ണക്കമ്പനികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
മുൻപ് പ്രതിസന്ധി ഘട്ടത്തിൽ പ്രതിദിനം 40,000 ടൺ വരെ എൽപിജി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ നിലവിൽ ആവശ്യം 30,000 മുതൽ 32,000 ടൺ മാത്രമാണ്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടപ്പോൾ ഇന്ത്യ ആഭ്യന്തര ഉൽപ്പാദനം പ്രതിദിനം 54,000 ടൺ വരെ ഉയർത്തിയിരുന്നു. നിലവിൽ ഇത് 40,000 ടണ്ണായി കുറച്ചിട്ടുണ്ടെങ്കിലും, അമേരിക്ക-ഇറാൻ സമാധാന കരാറിനെത്തുടർന്ന് വൈകിയെത്തിയ ചരക്കുകൾ കൂടി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയത് കമ്പനികളെ സമ്മർദ്ദത്തിലാക്കി.
പാചകവാതകത്തിന്റെ ഡിമാൻഡിൽ വന്ന കുറവും വലിയ പ്രതിസന്ധിയാണ്. വിതരണ തടസ്സമുണ്ടായ കാലയളവിൽ ഹോട്ടലുകളും വ്യവസായ യൂണിറ്റുകളും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG), ബയോമാസ് തുടങ്ങിയ ഇതര ഇന്ധനങ്ങളിലേക്ക് മാറിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് മാസത്തിൽ പ്രതിദിനം ശരാശരി 91,000 ടൺ എൽപിജി ഉപയോഗിച്ചിരുന്ന സ്ഥാനത്ത്, ഈ വർഷം ജൂൺ മാസത്തിൽ അത് 73,000 ടണ്ണായി കുറഞ്ഞു. ഈ വിടവ് എണ്ണക്കമ്പനികളുടെ സംഭരണശേഷിയെയും ലാഭക്ഷമതയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
