പെപ്സി വൈൽഡ് ചെറിയുടെ പുതിയ പരസ്യവാചകം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായതിനെത്തുടർന്ന് കമ്പനി പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു. ‘അനുവാദം ചോദിക്കുന്നത് നിർത്തുമ്പോൾ സംഭവിക്കുന്നത് പെപ്സി വൈൽഡ് ചെറി ആണ്’ (When the regular cherry stops asking for permission) എന്നായിരുന്നു പരസ്യത്തിലെ വിവാദ വാചകം. ഇത് ബലാത്സംഗത്തെയും സമ്മതത്തെയും (Consent) നിസാരവത്കരിക്കുന്നതാണെന്നാരോപിച്ച് ഉപയോക്താക്കൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
വിവാദത്തിന്റെ പശ്ചാത്തലം
എക്സ് , ത്രഡ്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ജൂലൈ 7- ന് ആണ് പെപ്സി ഈ പരസ്യം പങ്കുവെച്ചത്. സ്ത്രീകളുടെ സുരക്ഷയെയും സമ്മതത്തെയും ഗൗരവമായി കാണേണ്ട സമൂഹത്തിൽ, ‘അനുവാദം ചോദിക്കുന്നത് നിർത്തുക’ എന്ന പ്രയോഗം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. ഒരു മാർക്കറ്റിംഗ് തന്ത്രമെന്ന നിലയിൽ ഇത്തരം വാചകങ്ങൾ ഉപയോഗിക്കുന്നത് അസഹ്യമാണെന്നായിരുന്നു പൊതുവികാരം.
പെപ്സിയുടെ പ്രതികരണം
വിമർശനങ്ങൾ രൂക്ഷമായതോടെ പെപ്സി പോസ്റ്റ് പിൻവലിച്ചു. “ഞങ്ങളുടെ വൈൽഡ് ചെറി പരസ്യം ഞങ്ങൾ ഉദ്ദേശിക്കാത്ത വിധത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. നിങ്ങളുടെ പ്രതികരണങ്ങൾ ഞങ്ങൾ കേട്ടു, അതിൽ ഖേദിക്കുന്നു,” എന്ന് പെപ്സി ഔദ്യോഗികമായി പ്രതികരിച്ചു. എന്നാൽ, പോസ്റ്റ് പിൻവലിച്ചതുകൊണ്ട് മാത്രം മനോഭാവം മാറില്ലെന്നും ഉത്തരവാദിത്തമില്ലാത്ത ഇത്തരം പരസ്യങ്ങൾ ബ്രാൻഡുകൾക്ക് ഭൂഷണമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം തുടരുകയാണ്. ചിലർ കമ്പനിയെ അനുകൂലിച്ച് എത്തിയെങ്കിലും, ഭൂരിഭാഗം പേരും പരസ്യത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
