Home » Blog » Kerala » E20 പെട്രോൾ വാഹനങ്ങളെ ബാധിക്കില്ല; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഹർദീപ് സിങ് പുരി
images (75)

ഇ-20 പെട്രോളിനെതിരായ പ്രചാരണങ്ങൾ ആസൂത്രിതമായ വിവാദവും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഇ-85 ഇന്ധനം അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരം ഭീതിജനകമായ പ്രചാരണങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

രാജ്യത്ത് 2025 ഏപ്രിൽ മുതൽ ലഭ്യമായ ഇ-20 പെട്രോൾ ഇതിനകം തന്നെ ഇരുപത് കോടിയിലേറെ ഇരുചക്രവാഹനങ്ങളിലും ഇരുപത് ലക്ഷത്തിലേറെ നാലുചക്ര വാഹനങ്ങളിലും സുരക്ഷിതമായി ഉപയോഗിച്ചുവരുന്നുണ്ട്. വാഹന നിർമ്മാതാക്കളും സർവീസ് സെന്ററുകളും ഇന്ധനവുമായി ബന്ധപ്പെട്ട് യാതൊരുവിധ പരാതികളും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ, പെട്ടെന്നുണ്ടായ ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു.

 

ഇന്ധനമേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തടയാനാണ് ഇത്തരം പ്രചാരണങ്ങൾ ലക്ഷ്യമിടുന്നത്. പെട്രോളിൽ ചേർക്കുന്ന ഓരോ ലിറ്റർ എഥനോളും വിദേശത്തുനിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും വഴിയൊരുക്കും. കൂടാതെ, ആഗോളതലത്തിലുണ്ടാകുന്ന എണ്ണവില വർധനയുടെ ആഘാതം കുറയ്ക്കാൻ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ഇ-25 ഇന്ധനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ശാസ്ത്രീയമായ പരിശോധനകളും ഓട്ടോമൊബൈൽ നിർമ്മാതാക്കളുമായുള്ള കൂടിയാലോചനകളും പൂർത്തിയായ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.