യുവനിരയെ അണിനിരത്തി ‘നടികർ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുവിൻ എസ്. സോമശേഖരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലി ജോസ് പുരത്ത് ആരംഭിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ വേണു ISC ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം ജസ്സാനി എന്റർടൈൻമെന്റ്, 6D പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ ചേതൻ ഡിയോലേക്കർ, ക്രിഷ് സുൽത്താൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അർജുൻ അശോകനും റോഷൻ മാത്യുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ’96’ ഫെയിം ഗൗരി കിഷനാണ് നായികയായി എത്തുന്നത്.
യുവത്വത്തിന്റെ കാഴ്ചപ്പാടുകൾക്കും വികാരങ്ങൾക്കും മുൻഗണന നൽകുന്ന ഈ ചിത്രം ശക്തമായ കുടുംബ പശ്ചാത്തലവും ഹാസ്യവും കോർത്തിണക്കിയാണ് ഒരുക്കുന്നത്. ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജിയോ ബേബി, വീണാ നായർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യാക്സൻ ഗാരി പെരേരയും നെഹാ നായരും ചേർന്ന് സംഗീതം നിർവ്വഹിക്കുമ്പോൾ ജാക്സൻ വിജയനാണ് ടൈറ്റിൽ ട്രാക്ക് ഒരുക്കുന്നത്. എഡിറ്റിംഗ് രതീഷ് രാജും കലാസംവിധാനം പ്രശാന്ത് മാധവുമാണ് കൈകാര്യം ചെയ്യുന്നത്.
സാങ്കേതിക മികവിലും ആക്ഷൻ രംഗങ്ങളിലും ഏറെ ശ്രദ്ധ പുലർത്തുന്ന ചിത്രത്തിന്റെ സംഘട്ടന വിഭാഗം കൈകാര്യം ചെയ്യുന്നത് സുപ്രീം സുന്ദറാണ്. ആർ. ജി. വയനാടൻ (മേക്കപ്പ്), ധന്യാ ബാലകൃഷ്ണൻ (കോസ്റ്റ്യൂം), ജയദേവൻ ചക്കാടത്ത് (ശബ്ദ രൂപകല്പന) തുടങ്ങി മലയാള സിനിമയിലെ പ്രമുഖരായ സാങ്കേതിക പ്രവർത്തകർ അണിയറയിൽ പ്രവർത്തിക്കുന്നു. ആലുവയും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ ചിത്രത്തിന്റെ പിആർഒ വാഴൂർ ജോസാണ്.
