കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. കോഴിക്കോട് മാങ്കാവിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്.
ബസിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലിരുന്ന സുനിൽ ഉറക്കത്തിനിടെ തല ജനലിലൂടെ പുറത്തേക്ക് പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റോഡരികിലെ പോസ്റ്റിൽ തല ഇടിക്കുകയായിരുന്നു. സുനിലിന്റെ ബന്ധുക്കളും ഈ സമയം ബസ്സിലുണ്ടായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്. മറ്റു വാഹനങ്ങൾ വന്ന് ഇടിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നുവെന്ന് സുനിലിന്റെ ജ്യേഷ്ഠൻ പറഞ്ഞു.
