Your Image Description Your Image Description

തിരുവനന്തപുരം: ഫിലിം കോൺക്ലേവിന്റെ വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗത്തിൽ കേസ് എടുത്തേക്കില്ല. പോലീസിന് ലഭിച്ച നിയമോപദേശത്തെ തുടർന്നാണ് തീരുമാനം. എസ്‌സി-എസ്ടി വിഭാഗത്തെ അധിക്ഷേപിച്ചിട്ടില്ലെന്നും അതിനാൽ എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാൻ കഴിയില്ല എന്നുമാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ആക്ടിവിസ്റ്റ് ദിനു വെയിൽ അടൂരിന്റെ പരാമർശത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും ഇമെയിൽ വഴി പരാതി അയയ്ക്കുകയായിരുന്നു.

അടൂർ തന്റെ പ്രസ്താവനയിലൂടെ എസ്സി/എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നും ഇതിലൂടെ മറ്റുള്ളവരുടെ മനസിൽ എസ്സി/എസ്ടി സമൂഹത്തിനെതിരെ അനിഷ്ടം വളരാൻ സാധ്യതയുണ്ടെന്നും ദിനു തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഫിലിം കോൺക്ലേവി​ന്റെ സമാപന ചടങ്ങിലാണ് സ്ത്രീകൾക്കും പട്ടികജാതി വിഭാഗത്തിനുമെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുതെന്നും ഒന്നര കോടി നൽകിയത് വളരെ കൂടുതലാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ ആർ നാരായണ ഫിലിം ഇൻസ്റ്റിറ്റിയിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അടക്കം ഇരിക്കെയാണ് അടൂർ ഗോപാലകൃഷ്ണന്റെ വിമർശനം. ചാലയിലെ തൊഴിലാളികളെയും ഐഎഫ്എഫ്കെയ്ക്ക് എത്തുന്നവരെയും അടൂർ പ്രസംഗത്തിൽ അധിക്ഷേപിച്ചു. സെക്സ് സീൻ കാണാൻ വേണ്ടി മാത്പം തീയറ്ററിലേക്ക് ഇടിച്ചു കയറിയെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം.

അടൂർ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് വേദിയിലും സദസിൽ നിന്നും ഉയർന്നത്. സംവിധായകൻ ഡോക്ടർ ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസിലുള്ളവർ മറുപടി നൽകി. ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ പരാമർശത്തെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പലത പറഞ്ഞത്. പിന്നാലെ പ്രസംഗിക്കാൻ വന്ന ശ്രീകുമാരൻ തമ്പി അടൂരിന് മറുപടി നൽകുന്നുണ്ട്. താൻ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.

Related Posts