മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഫുട്ബോള്‍ പരിശീലകന് വീണ്ടും അറസ്റ്റിൽ. കോച്ചിന്റെ പീഡനത്തെപ്പറ്റി ഒന്നിലധികം വിദ്യാര്‍ഥിനികള്‍ സ്കൂള്‍ അധികൃതരോട് പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാറഞ്ചേരി പുത്തന്‍ പുരയില്‍ നിബ്രാസാണ് (26) പോക്സോ കേസില്‍ അറസ്റ്റിലായത്. വിദ്യാര്‍ഥിനിയുടെ മൊഴിയിലാണ് നിബ്രാസിനെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്.
കേസിൽ ജയിലായിരുന്ന പ്രതിക്കെതിരെ മറ്റൊരു വിദ്യാര്‍ഥിനിയുടെ മൊഴിയിലാണ് ഇപ്പോള്‍ പുതിയ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ മഞ്ചേരി കോടതിയില്‍ നിന്ന് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സ്കൂള്‍ അധികൃതരോടാണ് പീഡന വിവരം കുട്ടി ആദ്യം പറഞ്ഞത്. അധികൃതർ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.
