Your Image Description Your Image Description

മലപ്പുറം: കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അൻവർ. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായത് വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമായാണെന്നും അൻവർ ആരോപിച്ചു. തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചകനെന്ന് വിശേഷിപ്പിച്ചതിന് മറുപടി നൽകവെയാണ് പിണറായിക്കെതിരെ അൻവർ രൂക്ഷ വിമർശനം ഉയർത്തിയത്.

കുറെ ദിവസങ്ങളായി ഇടതുപക്ഷം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് അൻവർ ചൂണ്ടിക്കാട്ടി. എന്നാൽ, കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നായിരുന്നു അൻവറിന്റെ പ്രതികരണം. മുഖ്യമന്ത്രി കേരളത്തിലെ സകലരെയും വഞ്ചിക്കുകയാണെന്നായിരുന്നു അൻവർ ആരോപിച്ചത്.

മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും അൻവർ വിമർശിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ‌ എടുത്ത് പറഞ്ഞു. ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അൻവർ ഓർമ്മിപ്പിച്ചു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാ​ഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നും അൻവർ അരോപിച്ചു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ ഭരണം പിടിച്ചവർ‌ എൻആർസി, സിഎഎ വിഷയത്തിൽ കേരളത്തെ വഞ്ചിച്ചുവെന്നും അൻവർ കുറ്റപ്പെടുത്തി. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാണിച്ചു. മുനമ്പം വിഷയത്തിൽ അവിടെയുള്ള മനുഷ്യരെ വഞ്ചിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.

ശബരിമല വിഷയവും അൻവർ വീണ്ടും ഉയർത്തി. ഹൈന്ദവ സമുദായത്തെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. മത വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്തിനാണ് ഇടപെടുന്നതെന്നും അൻവർ ചോദിച്ചു. അതിൻ്റെ ഏറ്റവും വലിയ പ്രചാരകനാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെന്നും അൻവർ പറഞ്ഞു. 25ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ നിയമന നിരോധനമാണെന്ന് ആരോപിച്ച അൻവർ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts