Your Image Description Your Image Description

ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു (നവംബർ 14, 1889 – മേയ് 27, 1964) ഓർമയായിട്ട് അറുപത്തി ഒന്ന് വർഷം. മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ആധുനിക ഇന്ത്യ പടുത്തുയര്‍ത്താന്‍ നേതൃത്വം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്രപതിപ്പിച്ചിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌.

അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. നെഹ്രു എന്നത് യഥാർത്ഥ കുടുംബപ്പേരല്ല. കാശ്മീരിലെ കൗൾ കുടുംബമാണ് നെഹ്രുവിന്റേത്. ഔറംഗസീബ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ കാശ്മീരിൽ നിന്നും ഡെൽഹിയിലേക്കു കുടിയേറിപ്പാർത്ത നെഹ്രുവിന്റെ മുൻതലമുറക്കാരിൽ രാജ് കൗൾ എന്ന വ്യക്തി പേരിനൊപ്പം നെഹ്രു എന്ന് ഉപയോഗിക്കാൻ തുടങ്ങുകയും അത് പിന്നീട് എല്ലാവരും പിന്തുടരുകയും ചെയ്തു.

ദാരിദ്ര്യവും കഷ്ടതകളും അനുഭവിക്കുന്ന ജനത. സ്വയം പര്യാപ്തത സ്വപ്നം പോലും കാണാൻ കഴിയാത്ത കര്‍ഷകർ,ദുർബലമായ വ്യവസായമേഖല, ജാതിമതസംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ള സാമൂഹികസ്ഥിതി. ഇന്ത്യയുടെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോൾ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു നെഹ്രുവിന് മുന്നിൽ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനയ്ക്ക് പരമപ്രാധാന്യം നല്‍കിയത് നെഹ്‌റുവാണ്. ശാസ്ത്രീയ അറിവിൽ വിശ്വസിക്കുകയും എല്ലാ പഠനങ്ങളും യുക്തിയെ അടിസ്ഥാനമാക്കി വേണമെന്ന് ശഠിക്കുകയും ചെയ്തു നെഹ്റു.

നെഹ്രുവിന്റെ ജന്മദിനം ഭാരതത്തിൽ ശിശുദിനമായി ആചരിക്കുന്നു. കുട്ടികളോടുള്ള സ്നേഹവും, അവരുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ഇങ്ങനെ ആചരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികൾക്ക് നെഹ്രു ചാച്ചാ നെഹ്രു ആയിരുന്നു.

കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം, ഐ ഐ ടികൾ, ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നെഹ്രുവിന്‍റെ സംഭാവനകൾ വലുതാണ്. കുട്ടികളെ ഏറെ സ്നേഹിച്ച നെഹ്രു അവരുടെ അവകാശങ്ങൾക്കായി വാദിച്ചു. കുട്ടികളെ ഒരു രാജ്യത്തിന്റെ യഥാർത്ഥ ശക്തിയായും സമൂഹത്തിന്റെ അടിത്തറയായും കണക്കാക്കി.

പരസ്പര ബഹുമാനത്തിലൂന്നിയ രാഷ്ട്രീയ സംവാദങ്ങളും നിലപാടുകളും ശാസ്ത്രബോധവും നെഹ്‌റുവിന്റെ സവിശേഷതകളായിരുന്നു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും പരിഗണിച്ചായിരുന്നു നയരൂപീകരണം. ഒരു രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ധിഷണാശാലിയായ എഴുത്തുകാരനും മികച്ച വാഗ്മിയുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി, ഡിസ്‌കവറി ഓഫ് ഇന്ത്യ എന്നിവ നെഹ്‌റുവിന്റെ ധിക്ഷണാശക്തി പ്രതിഫലിപ്പിക്കുന്ന രചനകളാണ്.

നെഹ്രുവിനോടുള്ള ആദരപൂർവ്വം ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡെൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹർലാൽ നെഹ്രു പോർട്ട് എന്നിവയ്ക്ക് അദ്ദേഹത്തിന്റെ പേരു നൽകിയിട്ടുണ്ട്. നെഹ്രു അധികാരത്തിലിരുന്നപ്പോൾ താമസിച്ചിരുന്ന ഡെൽഹിയിലെ തീൻ മൂർത്തി ഭവൻ എന്ന വീട് ഇപ്പോൾ ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു.

1964 മേയ് 27 ന് നെഹ്‌റു അന്തരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങൾ നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *