Your Image Description Your Image Description

ജമ്മുകശ്മീർ: ജമ്മുവില്‍ സൈനികര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഉധംപൂറില്‍ ബസന്ത്ഗഡിനരികെയാണ് ബസ് തലകീഴായി മറിഞ്ഞ് മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ മരണപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് 16 പേര്‍ക്ക് പരുക്കേറ്റു. ആകെ 23 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉധംപൂര്‍ എഎസ്പി അറിയിച്ചു. സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബങ്കര്‍ ബസാണ് നിയന്ത്രണം വിട്ട് തലകീഴായി കൊക്കയിലേക്ക് മറിഞ്ഞത്. അപകടമുണ്ടായെന്ന് കണ്ടയുടന്‍ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങൾ ആരംഭിച്ചു.

നടുക്കുന്ന സംഭവമാണിതെന്നും ഉധംപൂര്‍ ഡപ്യൂട്ടി കമ്മീഷണര്‍ നേരിട്ട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. സൈനികരുടെ വിയോഗത്തില്‍ ദുഃഖം അറിയിക്കുന്നുവെന്നും അവരുടെ സ്തുത്യര്‍ഹമായ സേവനം രാജ്യം എക്കാലവും ഓര്‍ത്തിരിക്കുമെന്നും ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Related Posts