Your Image Description Your Image Description

പോത്തുകല്ല് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ ചെമ്പ്ര ഉന്നതിയില്‍ കുടുംബശ്രീ നിലമ്പൂര്‍ ട്രൈബൽ സ്‌പെഷ്യല്‍ പ്രോജെക്ടിന്റെ നേതൃത്വത്തില്‍ ബ്രിഡ്ജ് കോഴ്‌സ് സെന്റര്‍ ആരംഭിച്ചു. പോത്തുകല്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസ് ചെയര്‍പേഴ്‌സന്‍ സിന്ധു അശോകന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

പട്ടികവര്‍ഗ്ഗ ഉന്നതികളിലെ സ്‌കൂളില്‍ പോയി തിരിച്ചു ഉന്നതികളില്‍ തന്നെ തിരിച്ചെത്തുന്ന കുട്ടികള്‍ക്ക് വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും നല്‍കുന്ന വിദ്യാഭ്യാസ പിന്തുണാ സംവിധാനമാണ് ബ്രിഡ്ജ് കോഴ്‌സ് സെന്ററുകള്‍. സെന്ററില്‍ മെന്ററായി അതെ ഉന്നതിയിലെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളെ നിയമിച്ചുകൊണ്ടാണ് ബ്രിഡ്ജ് കോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന ശേഷി വികസനം, പഠനത്തിന് പുറമെ കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുക, കലാ-കായിക ശേഷി വികസനം എന്നിവയാണ് കുടുംബശ്രീ ബ്രിഡ്ജ് കോഴ്‌സ് സെന്ററിന്റെ ലക്ഷ്യം.

കുടുംബശ്രീ ആനിമേറ്റര്‍ നന്ദു സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ. മുഹമ്മദ് സാനു അധ്യക്ഷത വഹിച്ചു. എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള 22 കുട്ടികള്‍ ആണ് സെന്ററിലുള്ളത്. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെന്ററിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായി മദര്‍ കമ്മിറ്റി രൂപീകരിച്ചു. ഒന്നാം വാര്‍ഡ് എ.ഡി.എസ് സെക്രട്ടറി പുഷ്പ, എസ്.ടി പ്രൊമോട്ടര്‍മാരായ രാഹുല്‍, ശ്യാം, കുടുംബശ്രീ ആനിമേറ്റര്‍മാരായ ശാന്ത ചെമ്പ്ര, ദിവ്യ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ശേഷം ആനിമേറ്റര്‍മാരുടെ നേതൃത്വത്തില്‍ പായസം വിതരണം ചെയ്തു. ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍ നിഷ നന്ദി പറഞ്ഞു.

Related Posts