ഇനി എ.സി 20 ഡിഗ്രി സെല്‍ഷ്യസിനുതാഴെ തണുപ്പിക്കാനോ 28 സെല്‍ഷ്യസിനുമുകളില്‍ ചൂടാക്കാനോ കഴിയില്ല; നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി ഉപയോഗം കൂടുതലുള്ള വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നതാണ് നീക്കത്തിന് പിന്നില്‍. നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ചൂട് എത്രഉയര്‍ന്നാലും നിങ്ങള്‍ക്ക് എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. പുതിയ നിയന്ത്രണം വീടുകളിലെ എയര്‍ കണ്ടീഷണറുകള്‍ക്ക് മാത്രമല്ല ഹോട്ടലുകളിലെയും കാറുകളിലെയും എസികള്‍ക്കും ബാധകമാകും.

വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ ഉടന്‍ നടപ്പിലാക്കുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എസികളുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ പരിമിതപ്പെടുത്തും. അതോടെ എസി ഉപയോഗിച്ച് 20 ഡിഗ്രി സെല്‍ഷ്യസിനുതാഴെ തണുപ്പിക്കാനോ 28 സെല്‍ഷ്യസിനുമുകളില്‍ ചൂടാക്കാനോ കഴിയില്ല. താപനില ക്രമീകരണങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ പരീക്ഷണമാണിതെന്ന് ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വേനൽക്കാലത്ത് പല വീടുകളിലും കെട്ടിടങ്ങളിലും എസികള്‍ വളരെ താഴ്ന്ന താപനിലയില്‍ ചിലപ്പോള്‍ 16 ഡിഗ്രി സെല്‍ഷ്യസില്‍വരെ വരെ പ്രവര്‍ത്തിപ്പിക്കുന്നു. ഇത് പവര്‍ ഗ്രിഡില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. എയര്‍ കണ്ടീഷണറുകള്‍ ഏകദേശം 50 ഗിഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നു. ഇത് രാജ്യത്തിന്റെ പരമാവധി പവര്‍ ലോഡിന്റെ അഞ്ചിലൊന്നാണെന്ന് ഊര്‍ജ്ജ, ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പങ്കജ് അഗര്‍വാള്‍ വിശദീകരിച്ചു. എസി താപനിലയിലെ ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനപോലും ഊര്‍ജ ഉപയോഗത്തില്‍ 6 ശതമാനം കുറവ് വരുത്തുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതായത്, എല്ലാവരും അവരുടെ എസിയുടെ താപനില 1 ഡിഗ്രി ഉയര്‍ത്തുകയാണെങ്കില്‍ ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ഏകദേശം 3 ഗിഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയും’ -അഗര്‍വാളിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

എ.സി ഉപയോഗത്തിലെ ചെറിയ മാറ്റങ്ങള്‍പോലും വലിയ തോതിലുള്ള വൈദ്യുതിലാഭമുണ്ടാക്കും. ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്ന സമയത്ത് വൈദ്യുതി ഉപയോഗം കൂടുന്നതുകാരണം വൈദ്യുതി മുടക്കങ്ങൾ പതിവാണ്. വേനല്‍ക്കാലത്ത് ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളികളിലൊന്ന് ഇതാണ്. എസിയുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമൂലം അത്തരം സമയങ്ങളില്‍ ഗ്രിഡിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും വൈദ്യുതി മുടക്കം കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *