Home » Blog » kerala Mex » ഇടത് മുന്നണിക്ക് ചുവടുപിഴയ്ക്കില്ല; പിണറായി വിജയന്റെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽഡിഎഫ് കൺവീനർ
tp-ramakrishnan

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുമെന്നതിൽ തങ്ങൾക്ക് ഒരുതരത്തിലുള്ള ആശങ്കയുമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ജനപിന്തുണ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വോട്ടെണ്ണലിന് മുൻപേ വിജയം ഉറപ്പിച്ചെന്ന രീതിയിൽ കെപിസിസി ആസ്ഥാനത്ത് പന്തലിട്ടവർക്ക് ഫലം വരുമ്പോൾ അതിന് മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ചിലർ ചില കാട്ടിക്കൂട്ടലുകൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റേത് കരുത്തുറ്റ നേതൃത്വമാണ്. എന്നാൽ, ഫലം വരും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല. മുഖ്യമന്ത്രി ആദ്യമായല്ല സ്വന്തം മണ്ഡലത്തിലേക്ക് പോകുന്നതെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.

ബേപ്പൂരിൽ പി വി അൻവർ തോൽക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. തോറ്റാലും അദ്ദേഹം മൊട്ടയടിക്കരുത്. സ്വന്തം മണ്ഡലമായ പേരാമ്പ്രയിൽ യാതൊരു ആശങ്കയുമില്ല. ഒരു ജനപ്രതിനിധിയായി താൻ പ്രവർത്തിച്ചത് രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുമുന്നണി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും രാഷ്ട്രീയമായ കടന്നാക്രമണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.