Your Image Description Your Image Description

ഡല്‍ഹി: ലോകത്തിലെ മുന്‍നിര ടെക്നോളജി കമ്പനിയായ ഗൂഗിള്‍ അടുത്ത വലിയ നിര്‍മ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തിലാണ്. ഗൂഗിള്‍ തങ്ങളുടെ ജനപ്രിയ പിക്‌സല്‍ സ്മാര്‍ട്ട്ഫോണുകളുടെ നിര്‍മ്മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അലോചിക്കുന്നതായി റിപ്പോര്‍ട്ട്.
അമേരിക്കയുടെ പുതിയ ഇറക്കുമതി താരിഫുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്, വിയറ്റ്‌നാമില്‍ നിന്നുള്ള പിക്‌സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനായി പ്രാദേശിക നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ക്ലോഷറുകള്‍, ചാര്‍ജറുകള്‍, ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍, ബാറ്ററികള്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ ഇന്ത്യയില്‍ തന്നെ പ്രാദേശികവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ടെക് ഭീമന്‍ ഡിക്‌സണ്‍ ടെക്‌നോളജീസുമായും ഫോക്‌സ്‌കോണുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍, ഇന്ത്യയില്‍ നിര്‍മ്മിച്ച മിക്ക പിക്‌സല്‍ ഫോണുകളും ഇറക്കുമതി ചെയ്ത ഭാഗങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

ഫോക്സ്‌കോണുമായും മറ്റൊരു കരാര്‍ നിര്‍മ്മാണ കമ്പനിയുമായും ആല്‍ഫബെറ്റ് അടുത്തിടെ ഈ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചര്‍ച്ചയില്‍, നിര്‍മ്മാണ പ്രക്രിയയില്‍ മാത്രമല്ല, സ്മാര്‍ട്ട്ഫോണിന്റെ അവശ്യ ഘടകങ്ങളായ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ബാറ്ററി, ചാര്‍ജര്‍ എന്നിവ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിലും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇത് പ്രാദേശിക വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

ഇന്ത്യയില്‍ ഇതിനകം തന്നെ പരിമിതമായ അളവില്‍ പിക്‌സല്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ പ്രതിമാസം ഏകദേശം 45,000 യൂണിറ്റുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു, അവയില്‍ ഭൂരിഭാഗവും ആഭ്യന്തര വിപണിയിലാണ് വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പിക്‌സല്‍ 8 പുറത്തിറക്കിയതോടെയാണ് കമ്പനി ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇന്ത്യയില്‍ ഉല്‍പ്പാദനം വിപുലീകരിക്കാന്‍ ഗൂഗിളിന് ഇതിനകം തന്നെ പദ്ധതികളുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാകുന്നത്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്ക താരിഫ് വര്‍ദ്ധിപ്പിച്ചതാണ് ഈ മാറ്റത്തിന് പിന്നിലെ ഒരു പ്രധാന കാരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ നയപ്രകാരം, ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ മേലുള്ള ഈ തീരുവ 26 ശതമാനവും വിയറ്റ്‌നാമിന്റേത് 46 ശതമാനവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts