Home » Blog » Kerala » എംഎസ്‍സി വിഴിഞ്ഞം കരാറില്‍ ഇല്ലാത്ത കമ്പനി; ചോദ്യം ചെയ്യപ്പെടുന്നത് കേരള സര്‍ക്കാരിന്റെ ഉടമസ്ഥാവകാശം
vizhinjam port

ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അദാനി പോര്‍ട്സ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സിയുമായി കൈകോര്‍ത്തിരിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49% ഓഹരികളാണ് യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി) സ്വന്തമാക്കുന്നത്. ഏകദേശം 13,270 കോടി രൂപയ്ക്കാണ്  ഓഹാരികള്‍  എംഎസ്സി സ്വന്തമാക്കിയത്.

വിഴിഞ്ഞം തുറമുഖത്തിനു വന്‍ വികസന സാധ്യത എന്നൊക്കെ പറഞ്ഞു വാര്‍ത്തകള്‍ വരുന്നുവെങ്കിലും വിഴിഞ്ഞം കരാറിനെ സംബന്ധിച്ച് ഒട്ടുവളരെ സംശയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. വിഴിഞ്ഞം തുറമുഖം അദാനിയില്‍ നിന്നും എംഎസ്‍സി കമ്പനിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഭാവിയില്‍ എംഎസ്സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിനു അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്ന സാഹചര്യമാണ് വന്നിരിക്ക്കുന്നത്. വിഴിഞ്ഞം കരാര്‍ സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്സും തമ്മിലാണ്.

ഒരു കമ്പനിക്കും പിന്‍വാതില്‍ പ്രവേശനം അനുവദിക്കുന്നതോ വിദേശ നിക്ഷേപത്തിന്റെ കാര്യമോ വിഴിഞ്ഞം കരാറിലില്ല. ഒരു ഇറ്റാലിയന്‍ കമ്പനിയുടെ കൈകളിലാണ് വിഴിഞ്ഞത്തിന്റെ നിയന്ത്രണം വന്നിരിക്കുന്നത്. നേരത്തെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് വിഴിഞ്ഞം തുറമുഖത്തില്‍ ചൈനീസ് കമ്പനിക്കും ദുബായ് പോര്‍ട്ടിനും അനുമതി നിഷേധിക്കപ്പെട്ടത്. ഇപ്പോള്‍ ഇറ്റാലിയന്‍ കമ്പനിയുടെ കൈകളില്‍ വിഴിഞ്ഞം വരുമ്പോള്‍ സുരക്ഷാഭീഷണിയില്ലേ എന്ന ചോദ്യവുമുണ്ട്. വിഴിഞ്ഞം അദാനിയുടെ കൈകളില്‍ തന്നെയാണെങ്കിലും 40 വര്‍ഷം കഴിഞ്ഞാല്‍ അത് സംസ്ഥാന സര്‍ക്കാരിന് തന്നെ തിരികെ നല്‍കേണ്ടതാണ്. 70 വര്‍ഷം വരെ നടത്തിപ്പ് ചുമതല അവര്‍ക്ക് ഏറ്റെടുക്കാം എന്ന് മാത്രം. ഇതിന്റെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരുമായി പങ്ക് വയ്ക്കേണ്ടതുമുണ്ട്.

വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49% ഓഹരികളാണ് ഒരു ഇറ്റാലിയന്‍ കമ്പനി ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന് എംഎസ്സിയുമായി ഒരു കരാറുമില്ല. ഇത്രയും വന്‍ തുക മുടക്കുമ്പോള്‍ അവര്‍ക്ക് എങ്ങനെ ഉടമസ്ഥാവകാശം ഭാവിയില്‍ ഒഴിയാന്‍ കഴിയും എന്ന ചോദ്യം ഇപ്പോള്‍ മുന്നിലുണ്ട്. വിഴിഞ്ഞം കരാറില്‍ ഇല്ലാത്ത കമ്പനിയാണിത്‌. വിഴിഞ്ഞം കരാര്‍ ഒപ്പിട്ട കേരള സര്‍ക്കാരിന് എംഎസ്സിയുമായി ഒരു ബന്ധവുമില്ല.അതേസമയം വിഴിഞ്ഞം കമ്പനിയുടെ ഓഹരികളാണ് എംഎസ്‍സിക്ക് അദാനി കൈമാറിയതും.

വിഴിഞ്ഞത്തിന്റെ ഉടമസ്ഥാവകാശം കോടതി കയറുന്ന സാഹചര്യമാണ് ഈ കരാര്‍ വഴിയുണ്ടായിരിക്കുന്നതും. തുറമുഖ ഭൂമിയുടെ ഉടമസ്ഥാവകാശം കേരളം അദാനിക്ക് കൈമാറിയിട്ടില്ല. പദ്ധതി നിർവ്വഹണം ഏറ്റെടുക്കുന്നതിനുള്ള ലൈസൻസ് മാത്രമാണ് നല്‍കിയത്. കരാർ കാലാവധി പൂർത്തിയാകുമ്പോൾ, മുഴുവൻ സ്വത്തും സംസ്ഥാന സർക്കാരിന് തിരികെ ലഭിക്കേണ്ടതാണ്. അദാനി വിഴിഞ്ഞം കമ്പനിയുടെ 49% ഓഹരികളും കൈമാറിക്കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അദാനിയുമായി മാത്രമാണ് ബന്ധമുള്ളത്. കേരള സര്‍ക്കാരിനെ വിശ്വാസത്തില്‍ എടുക്കാതെ അദാനിക്ക് മുന്നോട്ടു പോകാന്‍ കഴിയുമോ എന്നതും ചോദ്യവിഷയമാണ്.