കൊച്ചി: സീനിയർ കമ്പനി എക്സിക്യൂട്ടീവുകളെയും വിശ്വസ്തരായ സഹപ്രവർത്തകരെയും അനുകരിച്ച് നടത്തുന്ന ‘ബോസ് സ്കാം’ തട്ടിപ്പിനെതിരെ എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നൽകി. സോഷ്യൽ മീഡിയ, മെസേജിംഗ് ആപ്പുകൾ, ഇമെയിൽ എന്നിവയിലൂടെ വ്യാജ സന്ദേശങ്ങൾ അയച്ച് അടിയന്തരമായി പണം കൈമാറാനോ രഹസ്യ വിവരങ്ങൾ പങ്കിടാനോ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. വ്യാജ കംപ്ലയൻസ് രേഖകളെന്ന പേരിൽ ZIP ഫയലുകൾ അയച്ച് മാൽവെയർ ഇൻസ്റ്റാൾ ചെയ്യാനും തട്ടിപ്പുകാർ ശ്രമിക്കാം. സാമ്പത്തിക ഇടപാടുകൾ നേരിട്ട് ഫോൺ വിളിച്ചോ നേരിൽ കണ്ടോ സ്ഥിരീകരിക്കണമെന്നും അജ്ഞാത ഫയലുകൾ തുറക്കരുതെന്നും ബാങ്ക് നിർദേശിച്ചു. സംശയാസ്പദമായ കോളുകളും സന്ദേശങ്ങളും ചക്ഷു പോർട്ടലിലൂടെ റിപ്പോർട്ട് ചെയ്യാം. തട്ടിപ്പിനിരയായാൽ ഉടൻ ബാങ്കിനെ അറിയിക്കുകയും 1930ൽ പരാതി നൽകുകയും വേണം.
