
ഭദ്രപക്ഷം സെമിനാറില്‍ മുൻ ഡിജിപി ബി . സന്ധ്യ സംസാരിക്കുന്നു. ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ഭദ്രകീര്ത്തി, മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹന്‍, ദീപ രാഹുല്‍ ഈശ്വര്‍ എന്നിവര്‍ സമീപം.
തിരുവനന്തപുരം: പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 18 വയസ്സ് തികയുമ്പോൾ ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ കർശന വ്യവസ്ഥ നടപ്പാക്കണമെന്ന് മുൻ ഡിജിപി ബി. സന്ധ്യ. ബാലനീതി നിയമത്തിലെ പ്രായപരിധി 15 വയസ്സായി കുറയ്ക്കണമോ എന്ന വിഷയത്തിൽ റീഫോം കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഭദ്രപക്ഷം’ അഭിപ്രായ രൂപീകരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഒരൊറ്റ നിയമത്തിന് കീഴിൽ കൊണ്ടുവരുന്നതോ മുതിർന്ന കുറ്റവാളികൾക്കൊപ്പം ജയിലിലടയ്ക്കുന്നതോ പ്രായോഗികമല്ല. എന്നാൽ, 14 വയസ്സിന് മുകളിലുള്ളവരിൽ ലഹരി ഉപയോഗവും കുറ്റവാസനയും പ്രകടിപ്പിക്കുന്നവരെ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണം. പെട്ടെന്നുള്ള വൈകാരിക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ കൊണ്ടുവരുന്ന നിയമഭേദഗതികൾ കോടതികളിൽ നിലനിൽക്കില്ല. അന്താരാഷ്ട്ര ഉടമ്പടികൾ, ഭരണഘടനാ വ്യവസ്ഥകൾ, ജുഡീഷ്യൽ റിവ്യൂ എന്നിവ മറികടന്ന് നിയമം നിലനിൽക്കാൻ കൃത്യമായ ഡാറ്റയും ശാസ്ത്രീയ പിന്തുണയും അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ബാലനീതി നിയമ ഭേദഗതിക്ക് സമഗ്രമായ ഗവേഷണവും പുനർവിചിന്തനവും അനിവാര്യമാണെന്ന് കേരള ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ് പറഞ്ഞു. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയുടെ അനന്തരഫലങ്ങളെക്കുറിച്ചും നിയമത്തിന്റെ പരിമിതികളെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ളവരാണ് ഇന്നത്തെ കൗമാരക്കാർ. കുറ്റം ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ എത്രത്തോളമാണെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തുന്ന പ്രവണത ഗൗരവമായി കാണണം. കുറ്റകൃത്യങ്ങൾ തടയുക എന്നതാണ് ഏതൊരു നിയമത്തിന്റെയും അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തലച്ചോറിലെ പ്രീഫ്രോണ്ടൽ കോർട്ടെക്സിന്റെ വളർച്ച മാത്രം മാനദണ്ഡമാക്കി ഇന്നത്തെ കാലത്ത് ഒരു വ്യക്തിയുടെ മാനസിക പക്വതയും കുറ്റകൃത്യങ്ങളിലെ ഉത്തരവാദിത്തവും നിർണയിക്കാനാവില്ലെന്ന് സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ അഭിപ്രായപ്പെട്ടു. മൊബൈൽ ഉപയോഗവും ഓൺലൈൻ സ്രോതസ്സുകളും നിർമിതബുദ്ധിയും അവരുടെ ചിന്തകളെയും വ്യക്തിത്വത്തെയും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. പ്രായപരിധി കുറയ്ക്കുമ്പോൾ ഡ്രൈവിങ് ലൈസൻസ്, സമ്മതപ്രായം തുടങ്ങിയ ആനുകൂല്യങ്ങളും 16 വയസ്സാക്കുമോ എന്ന വിദ്യാർഥികളുടെ മറുചോദ്യം ചിന്തിപ്പിക്കുന്നതാണ്. മസ്തിഷ്കത്തിന്റെ നൈസർഗിക വളർച്ചയും ബാഹ്യസ്രോതസ്സുകളിൽ നിന്നുള്ള അറിവിന്റെ സ്വാധീനവും ഒരുപോലെ പരിഗണിച്ചുവേണം ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികളെ തിരുത്തി നല്ല പൗരന്മാരായി പരിഷ്കരിക്കുകയാണ് ശിക്ഷയുടെ ലക്ഷ്യമെന്ന് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ പറഞ്ഞു. കടുത്ത ശിക്ഷകൾ നടപ്പാക്കുന്നതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങൾ പൂർണമായി അവസാനിപ്പിക്കാനാകില്ല. കുട്ടികൾ കുറ്റവാളികളാകാതെ അവരെ എങ്ങനെ വാർത്തെടുക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുവനൈൽ പ്രായപരിധി കുറച്ചതുകൊണ്ട് മാത്രം കുറ്റകൃത്യങ്ങൾക്ക് ശാശ്വത പരിഹാരമാകില്ലെന്ന് ലൈഫ് കോച്ച് ദീപ രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുകയും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.
മോട്ടോർ വാഹന-ഇൻഷുറൻസ് നിയമങ്ങളിൽ പ്രായോഗിക മാറ്റങ്ങൾ കൊണ്ടുവന്നാൽ വാഹനാപകടങ്ങളും നിയമലംഘനങ്ങളും നിയന്ത്രിക്കാനാകുമെന്ന് മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ പറഞ്ഞു.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്തവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ നിലവിലെ നിയമങ്ങളിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് സംരംഭകയും ബാലാവകാശ പ്രവർത്തകയുമായ ശോഭ വിശ്വനാഥ് വ്യക്തമാക്കി. മക്കൾക്ക് കൃത്യമായ കരുതലും ദിശാബോധവും നൽകുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. കുട്ടികളുടെ സുഹൃദ്ബന്ധങ്ങൾ നിരീക്ഷിക്കാനും വേണ്ടിടത്ത് ശാസിക്കാനും രക്ഷിതാക്കൾ തയാറാകണം. സ്കൂൾ-കോളേജ് തലങ്ങളിൽത്തന്നെ നിയമബോധവൽക്കരണം നൽകണമെന്നും ഇരകളെ കുറ്റപ്പെടുത്തുന്നതിന് പകരം സഹാനുഭൂതിയോടെയുള്ള സമീപനമാണ് സമൂഹം സ്വീകരിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ചർച്ചയിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഭദ്ര കീർത്തി എന്നിവർ മോഡറേറ്റർമാരായിരുന്നു. ക്രിമിനൽ ബാധ്യത നിർണയിക്കുന്നതിനുള്ള പ്രായപരിധി 15 വയസായി കുറയ്ക്കണമെന്ന ആവശ്യമുയർത്തി ഡോ. ടോം ജോസഫും പ്രായപൂർത്തികാത്തയാൾ ഓടിച്ച കാറിടിച്ച് മരിച്ച ജയപാലകൃഷ്ണൻ്റെ മകൾ ഭദ്ര കീർത്തിയും ചേർന്ന് തുടക്കം കുറിച്ച ക്യാമ്പയിനാണ് ഭദ്ര പക്ഷം.
