Home » Blog » Kerala » ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടല്‍ കടന്നോ; വാസ്തവം ഇനിയെങ്കിലും വെളിയില്‍ വരുമോ
gold

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സിപിഎമ്മിന്റെ മൂന്നാമത് ദേവസ്വം ബോര്‍ഡ് കൂടി പ്രതികളായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡ ന്റുമാരായിരുന്ന എ.പത്മകുമാറും എന്‍.വാസുവും അറസ്റ്റിലായി 90 ദിവസത്തോളം ജാമ്യമില്ലാതെ ജയിലില്‍ കിടന്നിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് സ്വാഭാവിക ജാമ്യമാണ് ഇവര്‍ക്ക് ലഭിച്ചത്. അവര്‍ക്കൊപ്പം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും സ്വാഭാവിക ജാമ്യം തന്നെയാണ് ലഭിച്ചത്. ഇപ്പോള്‍ ശബരിമലയിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്.പ്രശാന്തും സ്വര്‍ണക്കൊള്ളയില്‍ പ്രതി ചേര്‍ക്കപ്പെടുകയാണ്.

2025ലെ സ്വര്‍ണക്കവര്‍ച്ച മറയ്ക്കാന്‍ വേണ്ടിയാണ് 2025ല്‍ വീണ്ടും സ്വര്‍ണപ്പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത് എന്നാണ് എസ്ഐടി കണ്ടെത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെ ഈ കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ പ്രശാന്ത് അധ്യക്ഷനായ ദേവസ്വം ബോര്‍ഡും പ്രതിചേര്‍ക്കപ്പെടുകയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുന്നത്. കേസ് അന്വേഷിക്കാന്‍ എഡിജിപി എച്ച്. വെങ്കിടേഷ് നേതൃത്വം നല്‍കുന്ന പ്രത്യേക പോലീസ് സംഘവുമുണ്ട്. എന്നിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

പ്രതിപ്പട്ടികയില്‍ ഉള്ള മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. ദയനീയ അവസ്ഥയാണ് ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ഉള്ളതും. പ്രതികള്‍ ഒരോരുത്തരായി സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങി. ശബരിമലയിലെ തൊണ്ടിമുതലായ സ്വര്‍ണം ഇതേവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം തൊണ്ടിമുതല്‍ ആണെന്ന് ഉറപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ശബരിമല സ്വര്‍ണപ്പാളിയുടെ കാര്യമാണ് വിചിത്രം. സ്വര്‍ണപ്പാളി അന്താരാഷ്‌ട്ര പുരാവസ്തു മാഫിയക്ക് കൈമാറിയോ അതോ ഉരുക്കിവിറ്റുവോ എന്ന് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത് സ്വര്‍ണം പൂശാന്‍ കരാര്‍ നല്‍കിയിരുന്ന ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് തന്നെയാണ്.

ശബരിമല സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശുകയായിരുന്നില്ല. സ്വര്‍ണക്കവചമാണ് ഉണ്ടായിരുന്നത്. വ്യവസായി വിജയ്‌ മല്യ 2 കിലോയിലേറെ സ്വിസ്സ് സ്വര്‍ണം നല്‍കിയാണ്‌ സ്വര്‍ണപ്പാളികള്‍ സൃഷടിച്ചത്. ഈ സ്വര്‍ണമാണ് ദ്വാരപാലക ശില്പങ്ങളില്‍ ഉണ്ടായിരുന്നത്. സ്വര്‍ണപ്പാളിയില്‍ നിന്നും സ്വര്‍ണം ഉരുക്കിയാല്‍ അതേ പാളികള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് തന്നെയാണ്. അപ്പോള്‍ സ്വര്‍ണപ്പാളികള്‍ കടല്‍ കടത്തിയ ശേഷം വീണ്ടും സ്വര്‍ണപ്പാളികള്‍ വ്യാജമായി ഉണ്ടാക്കുകയാണ് ചെയ്തത്. ഈ രീതിയില്‍ ദ്വാരപാലക ശില്പങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് സ്വര്‍ണപ്പാളികള്‍ പുറത്ത് കടത്തിയ ശേഷം സ്വര്‍ണം പൂശി തിരികെ എത്തിക്കാന്‍ മാസങ്ങള്‍ വൈകിയത്. ഇത് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. സ്വര്‍ണപ്പാളികള്‍ കടല്‍ കടന്നതായി സംശയം ഉന്നയിച്ചത് ആദ്യം കേസ് അന്വേഷിച്ച ദേവസ്വം വിജിലന്‍സുമാണ്. സ്വര്‍ണപ്പാളികള്‍ ഉരുക്കി സ്വര്‍ണം എടുക്കുകയായിരുന്നെങ്കില്‍ ഈ തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ എന്തുകൊണ്ടാണ് അന്വേഷണ സംഘത്തിനു കഴിയാത്തത്.

സ്വര്‍ണപ്പാളികള്‍ കടല്‍ കടത്തി എന്ന ആരോപണം ഉന്നയിച്ചത് അന്ന് പ്രതിപക്ഷത്തായിരുന്ന രമേശ്‌ ചെന്നിത്തലയാണ്. അതേ ചെന്നിത്തല തന്നെയാണ് ഇപ്പോള്‍ ആഭ്യന്തരമന്ത്രിയും. അതുകൊണ്ട് തന്നെ ഈ സാധ്യത വീണ്ടും അന്വേഷിക്കാന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ തടസങ്ങളുമില്ല. പ്രശാന്തും ശബരിമലയിലെ മുന്‍ തന്ത്രിയായ കണ്ഠരര് രാജീവരുമൊക്കെ വീണ്ടും അറസ്റ്റിലാകാന്‍ പോവുകയാണ്. ഇനിയെങ്കിലും ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലെ വാസ്തവം പുറത്തുവരുമോ എന്നാണ് കോടിക്കണക്കിന് അയ്യപ്പഭക്തര്‍ ഇപ്പോഴും ഉറ്റുനോക്കുന്നത്.