കൊച്ചി: സ്വർണത്തിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിരുന്ന മലയാളിയുടെ സമ്പാദ്യശീലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഓഹരികളിൽ നിക്ഷേപിക്കുന്ന കേരളീയരുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) പുറത്തുവിട്ട കണക്കുകൾപ്രകാരം, രാജ്യത്താകെ 13 കോടി ആളുകളാണ് ഓഹരി നിക്ഷേപകരായിട്ടുള്ളത്. 14 ശതമാനമാണ് നിക്ഷേപക മേഖലയിലെ വാർഷിക വളർച്ച. കേരളീയരുടെ ഉയർന്ന സാക്ഷരതയും ആഗോള ഇടപെടലുകളുമാണ് നിക്ഷേപക മേഖലയിലെ സാന്നിധ്യം വർധിക്കാൻ കാരണം. സംസ്ഥാനത്ത് നഗര- ഗ്രാമ വ്യത്യാസമില്ലാതെ ആളുകൾ ഓഹരി നിക്ഷേപം നടത്തുന്നതായും മൂലധന വിപണിയിൽ സ്ത്രീ നിക്ഷേപകരുടെ അനുപാതം ക്രമാതീതമായി വർധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 99.85 ശതമാനം പിൻകോഡുകളിലും നിക്ഷേപകരുണ്ടെന്നാണ് എൻഎസ്ഇ വ്യക്തമാക്കുന്നത്. മൂലധന വിപണിയുടെ സഹായത്തോടെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കുന്ന കേരളത്തിന്റെ മുന്നേറ്റം രാജ്യത്തിനു മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു
