Your Image Description Your Image Description

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയെ നടുക്കി കൂട്ടക്കൊലപാതകം. നവവരനായ യുവാവ് തൻ്റെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി. ചിന്ദ്വാര ന​ഗരത്തിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദൽ കച്ചാറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 2.30നായിരുന്നു സംഭവം. കുടുംബം ഉറങ്ങിക്കിടക്കുമ്പോൾ ഭുര എന്ന ദിനേശ് ഗോണ്ട (30) അക്രമം കൊടാലി ഉപയോ​ഗിച്ച് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇയാൾ വിവാഹിതനായത്.

അമ്മ സിയാബായി (55), ഭാര്യ വർഷ (23), സഹോദരൻ ശ്രാവൺ കുമാർ (35), ശ്രാവണിൻ്റെ ഭാര്യ ബാരതോബായി (30), സഹോദരി പാർവതി (16), കൃഷ്ണ (5), സെവന്തി (4), ദീപ (1) എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുത്തശ്ശി രക്ഷപ്പെട്ടു. അയൽവാസിയായി ബന്ധുവിനെയും ആക്രമിച്ചു. നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് എത്തിയപ്പോൾ ദിനേശ് ഓടി രക്ഷപ്പെട്ടു. പിന്നീട് വീടിന് 100 മീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹശേഷം ദിനേശിൻ്റെ നില വഷളായതായി നാട്ടുകാർ പറയുന്നു. പ്രതി സ്കീസോഫ്രീനിയ ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് ജബൽപൂർ സോൺ ഇൻസ്പെക്ടർ ജനറൽ (ഐജി) അനിൽ സിംഗ് കുശ്വാഹ പറഞ്ഞു. സംഭവത്തിൽ സംസ്ഥാന മുഖ്യമന്ത്രി മോഹൻ യാദവും ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *