Your Image Description Your Image Description

ഇടുക്കി: ഇടുക്കി വട്ടവടയിലെ ചെക്ക് ഡാം നിർമ്മാണം ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അധികമായെത്തുന്ന വെള്ളം ഡാമിലൂടെ പുറത്തേക്ക് ഒഴുകും. വെള്ളം കിട്ടില്ലെന്ന്‌ തമിഴ്നാട് ആശങ്കപ്പെടേണ്ടതില്ല. വെള്ളം കിട്ടുമെന്ന കാര്യം തമിഴ്നാടിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. 1305 എംഎൽഡി വെള്ളം മാത്രമേ ചെക്ക് ഡാമിൽ സംഭരിക്കാനാവൂവെന്നും മന്ത്രി പറഞ്ഞു.

വളരെ ചുരുങ്ങിയ തോതിലുള്ള വെള്ളം മാത്രമാണ് സംഭരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മുല്ലപ്പെരിയാർ പുതിയ ഡാമിനായുള്ള പാരിസ്‌ഥിതീക അനുമതിക്കായടക്കം തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് കേരളത്തിൻ്റെ ആശങ്ക. തമിഴ്നാടിന് വെള്ളം കൊടുക്കേണ്ട എന്നൊരു നിലപാട് കേരളത്തിന് ഇല്ല. അവര്‍ക്കാവശ്യമായ ജലലഭ്യത ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതത്വത്തിന് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തിക്ക് അനുമതി നിരസിക്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിലും കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ തമിഴ്നാട് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടവടയിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് എതിരെ തമിഴ് നാട് പ്രതിഷേധം അറിയിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *