Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: സാങ്കേതിക വിഭാഗം ജീവനക്കാരെ മാനേജ്മെന്റില്‍ നൈപുണ്യമുള്ളവരാക്കാന്‍ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്റുമായി നിസ്സാന്‍ ഡിജിറ്റല്‍ ധാരണാപത്രം കൈമാറി. നിസ്സാന്‍ ഡിജിറ്റല്‍ ജീവനക്കാര്‍ക്ക് ഡിസിഎസ്‌ മാറ്റിന്റെ തിരുവനന്തപുരം ക്യാംപസിലെ എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിലൂടെയാണ് പരിശീലനം ലഭ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് നിസ്സാന്‍ ഡിജിറ്റല്‍ ഇത്തരമൊരു അപ്‌സ്കില്ലിംഗ് പരിപാടിക്ക് രൂപംകൊടുക്കുന്നത്.

നിസ്സാന്‍ ഡിജിറ്റലില്‍ ജോലി ചെയ്യുന്ന അപ്ലൈഡ് ഡേറ്റ സയന്‍സിലും മറ്റ് സാങ്കേതിക വിഭാഗങ്ങളിലും നൈപുണ്യവും തൊഴില്‍പരിചയവുമുള്ള ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നൈപുണ്യം ഇല്ലെന്ന പോരായ്മ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സെന്റര്‍ മേധാവി രമേഷ് മിര്‍സ പറഞ്ഞു. സാങ്കേതിക മികവിനൊപ്പം മാനേജ്മെന്റ് നൈപുണ്യവും ഇപ്പോഴത്തെ തൊഴില്‍മേഖലയില്‍ അനിവാര്യമാണ്. സാങ്കേതിക വിദ്യാഭ്യാസം നേടിയശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ പലപ്പോഴും തുടര്‍പഠനത്തിന് മടിക്കുന്നുണ്ട്. അത്തരം തടസ്സങ്ങള്‍ മാറ്റി ഇവര്‍ക്ക് സായാഹ്ന ബാച്ചുകളില്‍ ഓഫ്‌ലൈനായി തന്നെ മാനേജ്മെന്റ് മേഖലയില്‍ തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് നിസ്സാന്‍ ഡിജിറ്റല്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനുശേഷം വര്‍ക് ഫ്രം ഹോമിലേക്കു മാറിയവരെ തിരിച്ചുകൊണ്ടുവരികയും പരിപാടിയുടെ ലക്ഷ്യമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് ഇവിടെ വന്ന് ജോലി ചെയ്യാനുള്ള പ്രോല്‍സാഹനംകൂടിയായിരിക്കും ഈ പദ്ധതിയെന്ന് രമേഷ് മിര്‍സ ചൂണ്ടിക്കാട്ടി.

ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ബി-സ്കൂള്‍ പുരസ്കാരം ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്റിന് ലഭിച്ചതിന്റെ ആഘോഷപരിപാടികളും ഡിസിഎസ് മാറ്റിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ച കേസ് സ്റ്റഡികള്‍ പുസ്തകരൂപത്തിലാക്കിയതിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. നിസ്സാന്‍ ഡിജിറ്റല്‍ സെന്റര്‍ മേധാവി രമേഷ് മിര്‍സ, ഡിസി സ്കൂള്‍ ഡയറക്ടര്‍ ഡോ. സി. ജയശങ്കര്‍ പ്രസാദ്, ഡീന്‍ ഡോ. എന്‍. രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. ശിവപ്രകാശ്, ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി രാഗശ്രീ ഡി. നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *