Your Image Description Your Image Description

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. ഫോർട്ട് കൊച്ചി സബ്കളക്ടർക്കാണ് അന്വേഷണ ചുമതല. സംയുക്ത അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കളക്ടർ നിർദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡിനു വീഴ്ച ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർഷകർക്കുള്ള നഷ്ടപരിഹാരത്തിലും ഉടൻ തീരുമാനം ഉണ്ടാകും.

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്നാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് ദാരുണസംഭവം. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം വാര്‍ത്തയായതിന് പിന്നാലെ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. വരാപ്പുഴ മാര്‍ക്കറ്റിലാണ് പൊലീസും പഞ്ചായത്ത് ആരോഗ്യവിഭാഗവും പരിശോധന നടത്തിയത്. സ്ഥലത്ത് എംഎല്‍എ ടിജെ വിനോദ് സന്ദര്‍ശനം നടത്തി. വളരെ ദൗർഭാഗ്യകരമായ സാഹചര്യമാണെന്നും കമ്പനികളുടെ നടപടി കുറ്റകരമായതെന്നും എംഎല്‍എ പറഞ്ഞു. ഏത് കമ്പനിയാണ് നിയമലംഘനം നടത്തിയതെന്ന് കണ്ടുപിടിക്കണം. മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കത്തയക്കും. മത്സ്യകര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ആകെ ഉണ്ടായിരിക്കുന്നത്. മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *